കഴിഞ്ഞ രണ്ടുദിവസങ്ങളിൽ കൊടുവായൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ നടന്ന 439 ടെസ്റ്റുകളിൽ 95 പേർക്ക് കോവിഡ്.
ഞായറാഴ്ച അന്പതും തിങ്കളാഴ്ച 45 എന്നിങ്ങനെയാണ് നില. വീട്ടിൽ ക്വാറന്ൈറനിൽ കഴിയുന്നതിനിടെ ശനിയാഴ്ച പുതുനഗരത്ത് കോവിഡ് സ്ഥിരീകരിച്ച കൊടുവായൂർ സ്വദേശിയായ ഹാർഡ് വെയർ സ്ഥാപനത്തിന്റെ ഉടമയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിനുമുന്പ് മരിച്ചു.
ഇയാളുടെ മരണം കൊടുവായൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചു. വരുംദിവസങ്ങളിൽ നടത്താനിരിക്കുന്ന ആന്റിജൻ പരിശോധനകളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്ന ഭീതിയിലാണ് ജനം.
കഴിഞ്ഞ എട്ടുദിവസത്തിനിടെ 373 പേർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതിൽ പകുതിയോളംപേർ രോഗ മുക്തരായി വീട്ടിലെത്തി. ഓണത്തിനുമുന്പ് നിരവധിപേർക്ക് രോഗം ബാധിച്ചിരുന്നു. സംസ്ഥാന സർക്കാർ ലോക്ക് ഡൗണിൽ കൂടുതൽ ഇളവുവരുത്തുകയും ആരോഗ്യവകുപ്പും പോലീസും നിബന്ധനകൾ കുറച്ചതുമാണ് രോഗവ്യാപനത്തിന് വഴിതെളിയിച്ചത്.