ചികിത്സാപിഴവ്: ആരോഗ്യ ഡയറക്ടറുടെ ഉത്തരവ് ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്:- ചികിത്സാ പിഴവിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ചതായുള്ള പരാതിയിൽ ആരോപണവിധേയരായ ഡോക്ടർമാർക്കെതിരെയുള്ള നടപടിയുടെ വിശദാംശങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടറിൽ നിന്നും ലഭ്യമാക്കി സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പാലക്കാട് ജില്ലാമെഡിക്കൽ ഓഫീസർക്കാണ് ഉത്തരവ് നൽകിയത്.
പാലക്കാട് പാറശ്ശേരി സ്വദേശി സേതുമാധവന്റെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ ഉത്തരവ്.
ഗർഭപാത്രത്തിന് വികാസമില്ലാത്തതു കാരണം കുട്ടികൾ മരിച്ചെന്നാണ് ഡോക്ടർ അറിയിച്ചതെന്ന് പരാതിയിൽ പറയുന്നു. 2013 ഏപ്രിലായിരുന്നു സംഭവം. സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറോട് സമഗ്രമായ അന്വേഷണം നടത്താൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ യാതൊരു അന്വേഷണവും നടന്നില്ലെന്ന് ആരോപിച്ച് പരാതിക്കാരൻ രണ്ടാമതും കമ്മീഷനെ സമീപിച്ചു.
കമ്മീഷൻ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ടിനോട് നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാമെഡിക്കൽ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ ഗർഭിണിയെ പരിശോധിച്ച ഡോക്ടറുടെ ആശയവിനിമയത്തിലുള്ള അപാകതയാണ് പരാതിക്കിടയാക്കിയതെന്ന് പറയുന്നു. മൂന്ന് ഡോക്ടർമാർക്ക് അച്ചടക്ക നടപടിയുടെ ഭാഗമായി കുറ്റാരോപണ മെമ്മോ നൽകി. ഇതിൽ ഒരു ഡോക്ടർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങി. സ്റ്റേ ഒഴിവായതിനെ തുടർന്ന് ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടർ (വിജിലൻസ്) അന്വേഷണം നടത്തി ഈ ഡോക്ടറിൽ നിന്നും മെമ്മോക്കുള്ള മറുപടി വാങ്ങി. ഇത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരിഗണനയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർ നടപടി സ്വീകരിച്ച സാഹചര്യത്തിൽ കൂടുതൽ നടപടികളുടെ ആവശ്യമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.










