അഗളി :അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. അട്ടപ്പാടി ബ്ലോക്കിൽ 425 ഗർഭിണികളിൽ 245 പേരും ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്നവരാണ്. അഗളി സാമൂഹികാരോഗ്യകേന്ദ്രം അട്ടപ്പാടിയിലെ 28 സബ് സെന്ററുകളിൽ പരിശോധന നടത്തി ശേഖരിച്ച കണക്കിലാണ് ഈ കണ്ടെത്തൽ.
ആദിവാസിവിഭാഗത്തിലെ 191 പേരും മറ്റുള്ളവരിൽ 54 പേരുമാണ് ഹൈ റിസ്ക് വിഭാഗത്തിലുള്ളത്. ഇതിൽ 14 പേർ അരിവാൾ രോഗികളായ ആദിവാസി വിഭാഗക്കാരാണ്. ഗർഭിണികൾക്ക് 45 കിലോഗ്രാമെങ്കിലും തൂക്കം വേണമെന്നിരിക്കെ 45 കിലോഗ്രാമിൽ കുറവുള്ള 97 ഗർഭിണികൾ അട്ടപ്പാടിയിലുണ്ട്. ഇതിൽ 91 പേർ ആദിവാസി വിഭാഗത്തിൽനിന്നുള്ളവരാണ്. രക്തക്കുറവുള്ള 139 ഗർഭിണികളിൽ 115 പേർ ആദിവാസി വിഭാഗത്തിൽനിന്നുള്ളവരാണ്.
അട്ടപ്പാടിയിൽ ആദ്യമായാണ് ആദിവാസികളല്ലാത്ത ഗർഭിണികളുടെ കണക്കുകൾ ആരോഗ്യവകുപ്പ് പുറത്തുവിടുന്നത്. ആദിവാസി ശിശുമരണത്തിനോട് അനുബന്ധിച്ചാണ് ഗർഭിണികളുടെ കണക്കുകൾ പുറത്തുവരുന്നതെങ്കിലും അതീവ ഗുരുതരാവസ്ഥയിലൂടെയാണ് അട്ടപ്പാടി കടന്നുപോകുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗർഭിണികൾ നിലവിൽ കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയെയാണ് ചികിത്സക്കായി ആശ്രയിക്കുന്നത്.