പാലക്കാട്
ഇരുപത്തിയേഴിന് നടക്കുന്ന ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി ആചരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ അടച്ചും ഭാരത് ബന്ദ് വിജയിപ്പിക്കാൻ എല്ലാ വിഭാഗം തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സംയുക്ത സമിതി അഭ്യർഥിച്ചു. പത്തു മാസമായി രാജ്യത്തെ കർഷകരുടെ പ്രക്ഷോഭം കണ്ടില്ലെന്ന് നടിച്ച് പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കാത്ത കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ നടക്കുന്ന ബന്ദിന് പിന്തുണയായാണ് ഹർത്താൽ ആചരിക്കുന്നത്. പത്രം, പാൽ, ആശുപത്രി, ആംബുലൻസ്, മരുന്നുവിതരണം, വിവാഹം, അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കി.
സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, പ്രസിഡന്റ് പി കെ ശശി, ട്രഷറർ ടി കെ അച്യുതൻ, സംസ്ഥാന കമ്മിറ്റിയംഗം എസ് ബി രാജു, കെ വേലു (എഐടിയുസി), മനോജ് ചിങ്ങന്നൂർ (ഐഎൻടിയുസി), എം എം ഹമീദ് (എസ്ടിയു) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.