സംഘങ്ങൾ ഇന്നുമുതൽ നെല്ലെടുത്ത് തുടങ്ങു
സഹകരണ സംഘങ്ങൾ ചൊവ്വാഴ്‌ച മുതൽ നെല്ലെടുത്ത് തുടങ്ങും. നെല്ലെടുക്കാനുള്ള വാഹനങ്ങളും സംഭരിക്കാനുള്ള ഗോഡൗണുകളും സജ്ജം. ചിറ്റൂർ താലൂക്കിൽനിന്നാണ് കൂടുതൽ നെല്ലെടുക്കുന്നത്. മേഖലയിൽനിന്ന് 30,000 മെട്രിക് ടൺ നെല്ലെങ്കിലും എടുക്കേണ്ടിവരും. ഇവ സൂക്ഷിക്കാൻ കല്യാണ മണ്ഡപങ്ങൾ സജ്ജമാക്കി. നെല്ല് സൂക്ഷിക്കാൻ കിൻഫ്രയിലെ റൈസ് പാർക്ക് വിട്ടുനൽകാമെന്ന് കലക്ടർ സമ്മതിച്ചിട്ടുണ്ട്. റൈസ് പാർക്കിന്റെ വാടക കുറച്ചുനൽകണമെന്ന് സംഘങ്ങൾ ആവശ്യപ്പെട്ടു. അളന്ന്, തൂക്കം നോക്കി രസീത് നൽകിയ ശേഷം സ്ഥലമുള്ള കർഷകരുടെ കളങ്ങളിൽ തന്നെ സൂക്ഷിക്കാനും പദ്ധതിയുണ്ട്.
പാലക്കാട്, ആലത്തൂർ താലൂക്കുകളിൽ ആവശ്യമായ സംഭരണ സംവിധാനമുണ്ട്. ആലത്തൂർ, വടക്കഞ്ചേരി, കൊല്ലങ്കോട് മേഖലകളിൽ മില്ലുകാർ ആദ്യമേ സംഭരണം തുടങ്ങി. സപ്ലൈകോയുമായി കരാർ ഒപ്പിട്ട 24 സംഘങ്ങൾക്ക് 234 പാടശേഖരങ്ങളിലായി 9,199 ഹെക്ടർ സ്ഥലത്തുനിന്ന് നെല്ലെടുക്കാൻ അനുമതി നൽകി.
നെല്ല് സംഭരിക്കാൻ തയ്യാറായി സ്വകാര്യ അരിമില്ലുടമകളും വന്നിട്ടുണ്ടെങ്കിലും സംഘങ്ങൾ തന്നെ നെല്ലെടുത്താൽ മതിയെന്നാണ് സർക്കാർ തീരുമാനം. ഓയിൽപാം, പാഡികോ തുടങ്ങിയവ നെല്ല് അരിയാക്കാൻ സഹകരിക്കും.