പൊതുശ്മശാനം ഉപയോഗശൂന്യം; വാതകശ്മശാനം വേണമെന്ന് ആവശ്യം ശക്തം
ചിറ്റൂർ: പൊൽപ്പുള്ളി പഞ്ചായത്ത് പൊതുശ്മശാനം കാടുകയറി ഉപയോഗശൂന്യമാവുന്നത് നവീകരിക്കണമെന്ന് നാട്ടുകാർ. പെരുന്തൽപൊട്ടയിൽ റോഡുവക്കത്താണ് ശ്മശാനമുള്ളത്. വളർന്നു പന്തലിച്ച പുല്ലും കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെ മൃതദേഹം ചുമന്നുകൊണ്ട് പോവുന്നത് വിഷമകരമായിരിക്കുകയാണ്.
വളർന്നു നില്ക്കുന്ന പാഴ്ച്ചെടികൾക്കിടയിൽ വിഷപാന്പുകൾ വർധിച്ചതോതിൽ കാണപ്പെടുന്നുണ്ട്. കുറ്റിച്ചെടികൾക്കിടയിൽ നിന്നും പന്നികളും അകത്തു പ്രവേശിക്കുന്നവരുടെ ജീവനു ഭീഷണിയാവന്നുണ്ട്. മൃതദേഹം കൊണ്ടുവരുന്നവർ മഴ സമയങ്ങളിൽ കയറി നിൽക്കുന്ന ശ്മശാനത്തിനകത്തെ വിശ്രമമുറിയും കാലപ്പഴക്കം കാരണം ഉപയോഗശൂന്യമായിരിക്കുകയാണ്. ശ്മശാനം കോന്പൗണ്ടിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി സമയങ്ങളിൽ മൃതദേഹ സംസ്ക്കാരണത്തിനെത്തുന്നവർ വിളക്കുകളും കൊണ്ടുവരേണ്ട സ്ഥിതിയിലാണ്.
ശ്മശാനത്തിലെത്തുന്നതിലുള്ള വിഷമം കാരണം മിക്കവരും ദൂരെയുള്ള വൈദ്യുത-വാതകശ്മശാനങ്ങൾ തേടി പോവുയാണ്. നിർധന കുടുംബങ്ങളിലുണ്ടാവുന്ന മരണങ്ങളാണ് ഈ സ്ഥലത്ത് എത്തുന്നത്. ഈ സ്ഥലത്ത് പൂർണതോതിൽ ശുചീകരിച്ച് വൈദ്യുതികരണം നടത്തി വാതകശ്മശാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകാൻ നാട്ടുകാർ ഒപ്പുശേഖരണത്തിനു ശ്രമം തുടങ്ങി.