പാലക്കാട്: ഉപ്പുസത്യാഗ്രഹത്തിന് ശേഷം ഗാന്ധിജി വാർദ്ധയിൽ സ്ഥാപിച്ച സേവാഗ്രാം ആശ്രമത്തിൻ്റെ മാതൃകയിൽ രാമശ്ശേരി പൈതൃകഗ്രാമത്തിൽ ഗാന്ധി ആശ്രമം സ്ഥാപിക്കുന്നു. ഗാന്ധിയൻ ചാരിറ്റബിൾ സൊസൈറ്റിയായസർവോദയ കേന്ദ്രത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ഉദ്യമം.വരുംതലമുറകളെ ഗാന്ധിജിയുടെ ജീവിതാദാർശങ്ങളെയും സ്വാതന്ത്ര്യ സമര ചരിത്രത്തെയുംആഴത്തിൽ പരിചയപ്പെടുത്തുകയും അവയെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക ഗവേഷണ – പരീക്ഷണങ്ങൾക്ക് വേദിയൊരുക്കുകയുമാണ് മുഖ്യലക്ഷ്യം
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ (ആസാദി കാ അമൃത മഹോത്സവ്) ഭാഗമായി ജില്ലയിലെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനി എ.കെ. രാമൻകുട്ടി ത്യാഗപൂർണ്ണമായ ജീവിതം നയിച്ച രാമശ്ശേരിയിലാണ് ആശ്രമം സ്ഥാപിക്കുന്നത്.
ഗാന്ധിജിയുടെ സാന്നിധ്യത്തിൽ സേവാഗ്രാം ആശ്രമത്തിൽ പരിശീലനം നേടിയ പ്രമുഖ ഗാന്ധിയൻ ഭീമൻ ഗുരുജി ആയിരുന്നു സർവ്വോദയ കേന്ദ്രത്തിൻ്റെ പ്രഥമ ചെയർമാൻ. സ്വാതന്ത്ര്യ സമര സേനാനികളായ അകത്തെതറ നാരായണൻജിയും പറളി സുബ്ബരാമൻജിയും അടക്കമുള്ള ഗാന്ധിമാർഗ്ഗ പ്രവർത്തകർ ചേർന്നാണ് 1996 ലെ ക്വിറ്റ് ഇന്ത്യ ദിനത്തിൽ സർവ്വോദയ കേന്ദ്രത്തിന് രൂപം നൽകിയത്.മഹാത്മാ ഗാന്ധി, ആചാര്യ വിനോബ ഭാവെ, ലോക് നായക് ജയപ്രകാശ് നാരായൺ എന്നിവരുടെ ആശയാദർശങ്ങൾ ഉൾക്കൊണ്ട് അഹിംസാത്മക സാമൂഹ്യ മാറ്റത്തിനായുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ 24 വർഷമായി സർവോദയകേന്ദ്രം നടത്തിവന്നത്.പ്രകൃതിവിഭവ സംരക്ഷണം, സുസ്ഥിരവികസനം, പ്രകൃതികൃഷി, നല്ലഭക്ഷണ പ്രസ്ഥാനം, നാടൻകന്നുകാലി സമ്പത്തിൻ്റെ സംരക്ഷണം, ഗ്രാമസ്വരാജ്, പഞ്ചായത്തീരാജ്, ജനകീയാസൂത്രണം, സദ്ഭരണം, സ്വയംഭരണം, സുതാര്യത, സോഷ്യൽ ഓഡിറ്റ്, വിവരാവകാശം, ഭിന്നശേഷികളുള്ളവരുടെ അവകാശം, അവകാശാധിഷ്ഠിത പദ്ധതികൾ, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, യുവജനക്ഷേമം, സാമൂഹ്യനീതി, ജനാധിപത്യവേദികളെ ശക്തിപ്പെടുത്തൽ, വികേന്ദ്രീകരണം, ജനാധികാരം, പ്രകൃതിജീവനം, യോഗ, ഔഷധരഹിത ചികിത്സ, ഗാന്ധിയൻ അടിസ്ഥാനവിദ്യാഭ്യാസം, അഹിംസാത്മക ഉത്പാദന പ്രക്രിയ, അക്രമരാഹിത്യം, ശുചിത്വം, ട്രസ്റ്റിഷിപ്പ്, സത്യാഗ്രഹം, അനാസക്തി, സ്വാവലംബൻ, ശാന്തിസേന, സർവ്വധർമ്മസമഭാവം, നിലനിൽപ്പിൻ്റെ സമ്പദ് വ്യവസ്ഥ, അന്ത്യോദയം, സർവോദയം തുടങ്ങിയ മേഖലകളിലാണ് സർവോദയ കേന്ദ്രം പ്രവർത്തിച്ചുവരുന്നത്.
ലോക ടൂറിസം ഭൂപടത്തിൽ ഇതിനകം ഇടംപിടിച്ചിട്ടുള്ള രാമശ്ശേരി പൈതൃകഭൂമിയിൽ സ്ഥാപിക്കുന്ന ഗാന്ധി ആശ്രമത്തിൽ .പ്രാർത്ഥന, യോഗ, ധ്യാനം നടത്തുന്നതിനുള്ള ഹാൾപരിശീലനം നൽകുന്നതിനുള്ള ഹാൾ, ഡോർമിറ്ററി, അടുക്കള, ഡൈനിംഗ് ഹാൾ, ലൈബ്രറി, ഡോക്യുമെൻറേഷൻ സെൻറർ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം ചിത്രീകരിക്കുന്ന ഗാന്ധി മ്യൂസിയം, സർക്കാർ പദ്ധതികൾക്കായുള്ള സേവാകേന്ദ്രം, ആക്ഷൻ റിസർച്ച് സെൻറർ,ആശ്രമം കാര്യാലയം, ഓപ്പൺ സ്റ്റേജ്, കളിസ്ഥലം,അതിഥി മന്ദിരം, ഓർഗാനിക് ഷോപ്പ്, ഗോശാല,പച്ചക്കറി തോട്ടം, മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാൻറ്, സൗരോർജ്ജ യൂണിറ്റ്, കിണർ തുടങ്ങീ പ്രവർത്തന സംവിധാനങ്ങളാണ് ക്രമീകരിക്കുക.
വാർധ സേവാഗ്രാം ആശ്രമത്തിൽ ഗാന്ധിജി തുടക്കംകുറിച്ച, നവസമൂഹ രചനയ്ക്കായുള്ള 18 ഇന കർമ്മപരിപാടികൾ കാലാനുസൃതമായ മാറ്റങ്ങളോടെ പ്രാവർത്തികമാക്കുന്നതിനുള്ള കർമ്മപരിപാടിയാണ് ഗാന്ധി ആശ്രമം നടപ്പിലാക്കുക.
ആശ്രമത്തിന്റെ പ്രഥമ പദ്ധതിയായി ആശ്രമം സ്ഥിതി ചെയ്യുന്ന എലപ്പുള്ളി ഗ്രാമ പഞ്ചായത്തിലെ 1874 പട്ടികജാതി കുടുംബങ്ങളുടെ സുസ്ഥിരവികസനവും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന അന്ത്യോദയ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കും. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിൽ സമഗ്രമായ മാറ്റം ഉണ്ടാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ മിഷനുകളുടെയും സാമൂഹ്യസുരക്ഷാ പദ്ധതികളും, വികസന – ക്ഷേമപദ്ധതികളും ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കുന്നു എന്നുറപ്പാക്കും. അതിനായുള്ള ആസൂത്രണ പ്രക്രിയയിലും മോണിറ്ററിംഗിലും സോഷ്യൽ ഓഡിറ്റിലും പട്ടികജാതി കുടുംബങ്ങളിൽ നിന്നുള്ള പ്രവർത്തകരെ കണ്ടെത്തി അവരെ പങ്കാളികളാക്കും. ഇതിനായി തെരഞ്ഞെടുക്കുന്ന പ്രവർത്തകർക്ക് തുടർച്ചയായി പരിശീലനം നൽകി നേതൃത്വ ശേഷിയുള്ളവരും വൈദഗ്ധ്യമുള്ളവരുമാക്കി മാറ്റും.എലപ്പുള്ളി പഞ്ചായത്തിൽ ആരംഭിക്കുന്ന ഈ പദ്ധതി ഘട്ടംഘട്ടമായി ബ്ലോക്ക് തലത്തിലേക്കും ജില്ലാ തലത്തിലേക്കും വ്യാപിപ്പിക്കും. പ്രാഥമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി വർക്കിംഗ് ഗ്രൂപ്പും സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്.രാജ്യം മുഴുവൻ സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹാത്സവം നടക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾ വരും തലമുറയ്ക്ക് സമ്മാനിക്കാൻ ധീര ദേശാഭിമാനികളുടെ സ്മാരകമായി ചരിത്ര പ്രാധാന്യമുള്ള രാമശ്ശേരി പൈതൃക ഗ്രാമത്തിൽ ഗാന്ധി ആശ്രമം സ്ഥാപിക്കപ്പെടും.ഗാന്ധിജി വിഭാവനം ചെയ്ത സമ്പൂർണ്ണസ്വരാജ് ലക്ഷ്യമാക്കിയുള്ള ഗാന്ധി ആശ്രമത്തിൻ്റെ ഭൂമിപൂജയും കുറ്റിയടിക്കൽകർമ്മവും തച്ചുശാസ്ത്ര വിദഗ്ദ്ധൻ സുബ്രഹ്മണ്യൻ ചെറുകര നടത്തി.തുടർന്ന് നടന്ന ചടങ്ങിൽസർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ, തച്ചുശാസ്ത്ര വിദഗ്ദ്ധൻ സുബ്രഹ്മണ്യൻ ചെറുകര, ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പ് രക്ഷാധികാരി ഡോ. എൻ ശുദ്ധോധനൻ, സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് വിളയോടി വേണുഗോപാലൻ, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രേവതി ബാബു, വൈസ് പ്രസി. എസ്. സുനിൽകുമാർ, പഞ്ചായത്ത് മെമ്പർമാരായ കെ.ഗിരീഷ് ബാബു, എ.സുബ്രഹ്മണ്യൻ, വി.സന്തോഷ്, സി. അനിത, ജനാർദ്ദനൻ എം. പുതുശ്ശേരി, ഗിരീഷ് കടുന്തിരുത്തി, തപോവരിഷ്ഠാശ്രമം പ്രതിനിധി സുധാകരബാബു, രാമശ്ശേരി രാധാകൃഷ്ണൻ, മോഹൻ പുതുശ്ശേരി, സന്തോഷ് പൊൽപ്പുള്ളി, പി.എസ്. മുരളീധരൻ. അശോക് പുലാപ്പറ്റ, ആനന്ദ്.എസ്, പി. ശെന്തിൽകുമാർ, രാഘവൻ മടച്ചിപ്പാടം, അനന്തൻ പച്ചിരി കൊളുമ്പ്, ഗിരീഷ് വടക്കഞ്ചേരി, സുനിൽ വെമ്പലൂർ, അശോകൻ തത്തമംഗലം, പരമേശ്വരൻ രാമശ്ശേരി, കെ. ഉണ്ണിക്കുട്ടൻ, പി. പ്രകാശൻ, സദാനന്ദൻ കറുകപ്പാടം, ലക്ഷ്യ ക്ലബ്ബ് പ്രസിഡണ്ട് ബാബു നാവുക്കോട് തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ .
അടിക്കുറിപ്പ്: രാമശ്ശേരി പൈത്യക ഭൂമിയിൽ സ്ഥാപിക്കുന്ന ഗാന്ധി ആശ്രമത്തിൻ്റെ ഭൂമിപൂജ തച്ചുശാസ്ത്ര വിദഗ്ധൻ സുബ്രഹ്മണ്യൻ ചെറുകര നിർവ്വഹിക്കുന്നു.