ആലത്തൂർ. പാലക്കാട് സ്വദേശിയായ യുവസംവിധായകൻ്റെ സംസ്കൃത ഹ്രസ്വചിത്രത്തിന് ദേശീയ അംഗീകാരം.പല്ലാവൂർ സ്വദേശിയും ആലത്തൂർ ബി എസ് എസ് ഗുരുകുലം സ്കൂളിലെ അധ്യാപകനുമായ ഹരിപ്രസാദ് പല്ലാവൂർ രചനയും, സംവിധാനവും നിർവഹിച്ച “അമേയ” എന്ന ചിത്രമാണ് മധ്യപ്രദേശ് സർക്കാരിൻ്റെയും ഭാരതീയ ചിത്ര സാധനയുടെയും ആഭിമുഖ്യത്തിൽ ഭോപ്പാലിൽ വെച്ച് നടന്ന നാലാമത് ചിത്രഭാരതി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കിയത്. ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് വർഷത്തെ കാലയളവിൽ നിർമ്മിച്ച 712 ചിത്രങ്ങളിൽ നിന്ന് ജൂറി തെരഞ്ഞെടുത്ത 34 ഹ്രസ്വചിത്രങ്ങളാണ് 3 ദിവസം നീണ്ടുനിന്ന മേളയിൽ പ്രദർശിപ്പിച്ചത്. ഭോപ്പാലിലെ രവീന്ദ്രഭവനിൽ നടന്ന സമാപന സമ്മേളനത്തിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണവകുപ്പ്മന്ത്രി എൽ.മുരുഗൻ പുരസ്കാരം സമ്മാനിച്ചു.
സംസ്കൃത ഭാരതി കാനഡയും രുദ്ര ക്രിയേഷൻസും സംയുക്തമായി നിർമ്മിച്ച “അമേയയ്ക്ക്” മേളയിൽ വൻ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. മേളയിലെ ഏക സംസ്കൃത സാന്നിധ്യമായിരുന്നു “അമേയ.” സരസ്വതി, സതി സനൽ ചന്ദനവേലിൽ, തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രം യൂട്യൂബിലും മികച്ച പ്രതികരണം ആണ് നേടുന്നത്.
സംസ്കൃതഭാഷയെ ആധുനിക മാധ്യമങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് ഇതെന്നും ഇനിയും സംസ്കൃതചിത്രങ്ങൾ നിർമ്മിക്കാൻ ആഗ്രഹമുണ്ടെന്നും സംവിധായകൻകൂടിയായ ഹരിപ്രസാദ് പറയുന്നു. അച്ഛൻ – ശിവരാമകൃഷ്ണൻ, അമ്മ – പ്രീതാ ലക്ഷ്മി, സഹോദരി – ഹരിത.
(വാർത്ത രാമദാസ്. ജി. കൂടല്ലൂർ.)