ഭക്ഷ്യസംസ്കരണ സംരംഭ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങുകയാണ് കേരളം. വ്യവസായ വകുപ്പിനു കീഴില്‍ സംസ്ഥാന വ്യവസായ പശ്ചാത്തല വികസന കോര്പ്പറേഷന് (കിന്‍ഫ്ര) പാലക്കാട് ഒരുക്കിയ മെഗാ ഫുഡ് പാര്‍ക്കിന്റെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കും.
കിൻഫ്ര മെഗാ ഫുഡ് പാർക്ക് തുറക്കുന്നതോടെ ഭക്ഷ്യസംസ്കരണ രംഗത്ത് പുതിയ കുതിപ്പിന് കേരളത്തിൽ തുടക്കമിടും. എലപ്പുള്ളി, പുതുശേരി പഞ്ചായത്തിൽ 79.42 ഏക്കറിലായാണ് പാർക്ക്. വ്യവസായ വകുപ്പിനു കീഴിൽ കിൻഫ്ര ഒരുക്കിയ പാർക്കിന്റെ നിർമാണം പൂർത്തിയായി. ഉദ്ഘാടനം ഉടൻ ഉണ്ടാകും. 30 യൂണിറ്റുകൾക്ക് ഇവിടെ ഭൂമി അനുവദിച്ചു. രണ്ട് യൂണിറ്റുകളുടെ പ്രവർത്തനം ആരംഭിച്ചു. 11 യൂണിറ്റുകൾ നിർമാണഘട്ടത്തിലാണ്. 102.13 കോടി രൂപയാണ് പദ്ധതി ചെലവ്. 40 കോടി കേന്ദ്ര ഫണ്ടാണ്.
ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ പ്രവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യം പാർക്കിലെ സെൻട്രൽ പ്രോസസിങ് സെന്ററി(പ്രധാന കേന്ദ്രം)ലുണ്ട്. പുറമെ നാല് പ്രാഥമിക ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാണ്. വയനാട് കൽപ്പറ്റ, മലപ്പുറം കാക്കാഞ്ചേരി, തൃശൂർ കൊരട്ടി, എറണാകുളം മുഴവന്നൂർ എന്നിവിടങ്ങളിലെ കിൻഫ്ര പാർക്കുകളിലാണ് ഇവ പ്രവർത്തിക്കുക. ഭക്ഷ്യസംസ്കരണത്തിന് മുന്നോടിയായുള്ള പ്രാഥമിക പ്രവർത്തനം ഇവിടെ നടത്തും. കർഷകരെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഫുഡ് പാർക്കിൽ എല്ലാവിധ അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് പറഞ്ഞു. റോഡ്, ഓവുചാൽ, ജലവിതരണം, വൈദ്യുതി വിതരണം, ചുറ്റുമതിൽ, മഴവെള്ള സംഭരണികൾ തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. ശീതീകരണ സംവിധാനം, പഴുപ്പിക്കാനുള്ള സംവിധാനം, ഗോഡൗൺ, പാക്കിങ് സെന്റർ, സുഗന്ധദ്രവ്യങ്ങളുടെ സംസ്കരണ കേന്ദ്രം, ഗുണനിലവാര നിയന്ത്രണ ലബോറട്ടറി എന്നിങ്ങനെ ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് സഹായകമാകുന്ന എല്ലാ സൗകര്യവും ഒരു കുടക്കീഴിൽ ലഭ്യമാകും. ഉപയോഗത്തിന് സജ്ജമായ ഭൂമി യൂണിറ്റുകൾക്ക് 30 വർഷത്തേക്ക് പാട്ടത്തിനാണ് നൽകുക. 90 വർഷം വരെ ഇവ പുതുക്കാം. മാസവാടകയിൽ പത്തുവർഷത്തേക്ക് ഫാക്ടറി കെട്ടിടങ്ങളും നൽകും. ഇവയുടെ കാലാവധിയും ദീർഘിപ്പിച്ചുനൽകും.
ഫുഡ് പാർക്കിലെത്തുന്ന സ്ഥാപനങ്ങൾക്ക് വിവിധ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഗ്രാന്റ് ലഭ്യമാകും.
പദ്ധതി തുകയുടെ 35ശതമാനം (പരമാവധി അഞ്ച് കോടി രൂപ) ലഭിക്കാൻ ഇവർ യോഗ്യരായിരിക്കും. നബാർഡിന്റെ ഭക്ഷ്യസംസ്കരണ ഫണ്ടിൽനിന്നുള്ള വായ്പയ്ക്കും ഇവർ അർഹരായിരിക്കുമെന്നും സന്തോഷ് കോശി തോമസ് പറഞ്ഞു.