പൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം പി. ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു
പൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു. ആരോഗ്യമേഖലയക്കായി വലിയ ഫണ്ട് വിനിയോഗിച്ച് ആശുപത്രി കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന മറ്റു സംസ്ഥാനങ്ങള്‍ പരിമിതമാണെന്ന് എം.എല്‍.എ പറഞ്ഞു. പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ. ജയദേവന്‍ അധ്യക്ഷനായി.
ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി ചെലവില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ലാബ്, ഫാര്‍മസി, ഒ.പി, രോഗികള്‍ക്ക് കാത്തിരിപ്പിനുള്ള ഇടം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളാണ് ഉറപ്പാക്കിയിരിക്കുന്നത്. നിലവില്‍ രണ്ടു ഡോക്ടര്‍മാരുടെ സേവനമുണ്ട്. പൂക്കോട്ടുകാവ് പഞ്ചായത്ത് പരിധിയില്‍ വരുന്ന 14,000 ത്തിലധികം ജനങ്ങള്‍ക്കാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുക.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗിരിജ, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുത്തു.