രാമദാസ് ജി കൂടല്ലൂർ.
പല്ലശ്ശന. ഒന്നാം വിളയിൽ ഉത്പാദിപ്പിച്ച നെല്ല് സപ്ലൈകോയിലേക്ക് നൽകി ഒരുമാസത്തിലേറെ കഴിഞ്ഞിട്ടും പണം ലഭിക്കാതെ നട്ടംതിരിയുകയാണ് പല്ലശ്ശന കൃഷിഭവന് കീഴിലുള്ള ചാട്ടുമുക്ക് സമിതിയിലെ കർഷകർ. നവംബർ 4ന് പി ആർ എസ് ലഭിച്ച കർഷകർ പാഡി മാർക്കറ്റിംഗ് ഓഫീസിൽ വിളിച്ച് അന്വേഷിച്ചപ്പോൾ നവംബർ 23ന് ബാങ്കിലേക്ക് പണം അയച്ചിട്ടുണ്ട് എന്നും, നവംബർ 25 വരെ സ്റ്റേറ്റ്മെന്റ് ലഭിച്ച കർഷകരുടെ പണം പൂർണമായും ബാങ്കിലേക്ക് അയച്ചിട്ടുണ്ട് എന്നും പറയുന്നു. എന്നാൽ കേരള ബാങ്ക് നെന്മാറ ശാഖയിൽ ചെന്ന് അന്വേഷിക്കുന്ന ഓരോ കർഷകനും നിത്യേന നിരാശയിലാണ്. ധനകാര്യ സ്ഥാപനങ്ങളിൽ ചെന്ന് ആഭരണങ്ങൾ പണയപ്പെടുത്തിയും, വായ്പയ്ക്ക് പണമെടുത്തും രണ്ടാം വിളയിറക്കിയ കർഷകർ രണ്ടാം വിളയിൽ രാസവളം നൽകേണ്ട ഈ സമയത്ത് ഇനി എന്തു ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ്.