പാലക്കാട്: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയ കേരളത്തിലെ ഏക നഗരസഭയാണ് പാലക്കാട്. ആര് അധികാരത്തിലെന്ന ജനവിധിക്കൊപ്പം അധ്യക്ഷസ്ഥാനവും ഇക്കുറി സജീവ ചർച്ചയാണ്. നിലവിൽ അധ്യക്ഷസ്ഥാനം വനിതക്കാണ്. ഇതിൽ മാറ്റം ഉണ്ടാകുമോ എന്നത് സംബന്ധിച്ച തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ. ബി.ജെ.പി ഭരണത്തുടർച്ച നേടുമോ, യു.ഡി.എഫ് ഭരണം തിരിച്ചുപിടിക്കുമോ, എൽ.ഡി.എഫ് നേടുമോ എന്നതാണ് പ്രധാന ചർച്ചാവിഷയം. അധ്യക്ഷ സംവരണത്തിൽ തീരുമാനം വരുന്നതിനനുസരിച്ച് യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.
മുൻ ചെയർപേഴ്സൻ പ്രമീള ശശിധരൻ വാർഡ് 12 പുത്തൂർ സൗത്തിൽ മത്സരരംഗത്തുണ്ട്. വൈസ്ചെയർമാനായിരുന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ മത്സരരംഗത്ത് നിന്ന് മാറി നിന്നപ്പോൾ ഭാര്യ സിറ്റിങ് സീറ്റിൽ കന്നിയങ്കത്തിനിറങ്ങുന്നു. അമ്മ സി.കെ. വിജയകുമാരി ഇതേ വാർഡിൽ മകൾക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. സ്ഥാനാർഥി പട്ടികക്കെതിരെ പരസ്യമായി പ്രതിഷേധിച്ച് ബി.ജെ.പി ദേശീയ കൗൺസിൽ അംഗവും മുൻ നഗരസഭ പാര്‍ലമെൻററി പാര്‍ട്ടി ലീഡറുമായ എസ്.ആർ. ബാലസുബ്രഹ്മണ്യം തെരഞ്ഞെടുപ്പിൽ നിന്ന് പിൻവാങ്ങിയതോ, പുറത്താക്കിയത് ആണോ എന്നുള്ളതും സംശയമുണ്ട്. മൂത്താൽ സർവീസ് സൊസൈറ്റി ഇതിൽ പ്രതിഷേധിച്ചിരുന്നു.
വിമത നീക്കങ്ങളാണ് ബി.ജെ.പിക്കും യു.ഡി.എഫിനും പലയിടത്തും തലവേദനയാണ്.
24ാം വാർഡ് കുന്നത്തൂർമേട് സൗത്തിൽ നിന്ന് കെ.പി.സി.സി സെക്രട്ടറിയും യു.ഡി.എഫ് ജില്ല കൺവീനറുമായ പി. ബാലഗോപാൽ മത്സരിക്കുേമ്പാൾ കോൺഗ്രസ് വാർഡ് പ്രസിഡൻറ് കൂടിയായ എഫ്.ബി. ബഷീർ മത്സരരംഗത്തുണ്ട്.
വിമതനായി പത്രിക നൽകിയതിനെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ മുൻ ഡി.സി.സി ജനറൽസെക്രട്ടറി കെ. ഭവദാസ് സ്വതന്ത്ര സ്ഥാനാർഥിയായെത്തുന്ന 11ാം വാർഡ് കല്ലേപ്പുള്ളിയിലും മത്സരം ശ്രദ്ധേയമാണ്.
പി.ജി. ജയപ്രകാശാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. നഗരസഭയിൽ യു.ഡി.എഫുമായി സഖ്യമില്ലാത്ത വെൽഫയർപാർട്ടിക്ക് വാർഡ് 32 വെണ്ണക്കര സൗത്തിൽ എം. സുലൈമാനാണ് സ്ഥാനാർഥി. യു.ഡി.എഫിനായി ലീഗ് നേതാവ് ടി.എ. അബ്ദുൽ അസീസും വാർഡിൽ ജനവിധി തേടുന്നു. യു.ഡി.എഫ് പരമ്പരാഗതമായി കൈവശം വച്ച വാർഡ് കഴിഞ്ഞ തവണയാണ് വെൽഫയർപാർട്ടി പിടിച്ചെടുത്തത്.
52 വാർഡുള്ള നഗരസഭയിൽ രണ്ടിടത്ത് നേർക്കുനേരാണ് പോരാട്ടം. 31ാം വാർഡ് പുതുപ്പള്ളിത്തെരുവിൽ യു.ഡി.എഫ്- എൽ.ഡി.എഫ് സ്ഥാനാർഥികൾ നേരിട്ടാണ് പോരാട്ടം. വാർഡിൽ ആകെ രണ്ട് സ്ഥാനാർഥികളാണ് ഉള്ളത്. 50ാം വാർഡ് വടക്കന്തറയിലും നേർക്കുനേരാണ് അങ്കം. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയതോടെ ബി.ജെ.പി സ്ഥാനാർഥിയും എൽ.ഡി.എഫ് സ്ഥാനാർഥിയുമാണ് കളത്തിൽ. 17ാം വാർഡ് നരികുത്തിയിലാണ് കൂടുതൽ സ്ഥാനാർഥികൾ. ഇവിടെ എട്ടുപേർ ജനവിധി തേടുന്നു.
51 വാർഡുകളിൽ മത്സരത്തിനിറങ്ങുന്ന എൻ.ഡി.എയിൽ ബി.ജെ.പി 49 വാർഡുകളിലും ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ഒരു സീറ്റിലും മത്സരിക്കുന്നുണ്ട്. രണ്ട് വാർഡുകളിൽ ബി.ജെ.പി ഉൾപ്പെടുന്ന എൻ.ഡി.എ മുന്നണിക്ക് സ്ഥാനാർഥികളില്ല. യു.ഡി.എഫ് 51 സീറ്റിൽ മത്സരംഗത്തുണ്ട്. ഇടതുമുന്നണിക്ക് 52 സീറ്റിലും സ്ഥാനാർഥികളുണ്ട്.