സ്ഥാനാർത്ഥിയായിട്ടും ‘പണി മുടക്കാതെ’ ആമിന
അലനല്ലൂർ: തെരഞ്ഞെടുപ്പായി കഴിഞ്ഞാൽ സ്ഥാനാർത്ഥികൾക്ക് നിന്ന് തിരിയാൻ നേരം ഉണ്ടാകാറില്ല. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാവുകയാണ് അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ ആലുംകുന്ന് വാർഡ് വെൽഫയർ പാർട്ടി സ്ഥാനാർത്ഥി അരിപ്പൻ ആമിന. കഴിഞ്ഞ 15 വർഷമായി റബ്ബർ ടാപ്പിങ് നടത്തുന്ന ആമിന തെരഞ്ഞെടുപ്പായിട്ടും തൻ്റെ ടാപ്പിങിന് ഒരു മുടക്കവും വരുത്തിയിട്ടില്ല. പുലർച്ചെ നാല് മണിയോടെ ടാപ്പിങ് ആരംഭിക്കുന്ന ആമിന ദിവസവും 400 ഓളം മരങ്ങളാണ് വെട്ടുന്നത്. ടാപ്പിങ് പൂർത്തീകരിച്ച് ഒമ്പത് മണിയോടെ പ്രവർത്തകർക്കൊപ്പം പ്രചരണത്തിനിറങ്ങുന്ന ആമിന ഉച്ചയോടെ തിരിച്ചെത്തി കൂട്ടിവെച്ച പാൽ ഷീറ്റുകളാക്കി നാലുമണിയോടെ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങും. ഇതിനിടയിൽ സ്വന്തം വീട്ടിലെ ജോലികളും ഇവർ ചെയ്യുന്നു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നെന്നും ടാപ്പിങ് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ലെന്നും ആമിന പറയുന്നു. ടാപ്പിങ് ഭംഗിയായി തന്നെ നടക്കുന്നതിനാൽ ഉടമയും ഹാപ്പിയാണ്. കുടുംബാംഗങ്ങളിൽ നിന്നും ആമിനക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇതിനോടകം മൂന്ന് തവണ വാർഡിലെ മുഴുവൻ വീടുകളിലെത്താനും ആമിനക്കായി. അലനല്ലൂർ പഞ്ചായത്തിൽ വെൽഫയർ പാർട്ടി ഏറെ പ്രതീക്ഷ വെക്കുന്ന വാർഡ് കൂടിയാണ് ആലുംകുന്ന്.
ഫോട്ടോ: അരിപ്പൻ ആമിന ടാപ്പിങ് ജോലിയിൽ.