മുട്ടിൽ മരംമുറി കേസ് വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. ആദിവാസികളെ കബളിപ്പിച്ച് കോടികൾ വിലമതിക്കുന്ന മരം മുറിച്ച് കടത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഇതില്‍ നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാകുന്ന തരത്തിലുള്ള തെളിവുകളാണ് പുറത്തു
വന്നിരിക്കുന്നതെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണമാണ് മുട്ടിൽ വീണ്ടും വിവാദ കൊടുക്കാറ്റിൽ ഇടംപിടിച്ചിരിക്കുന്നത്.
വനം സംരക്ഷിക്കാന്‍ ധീരമായ നിലപാടെടുത്ത ഉദ്യോഗസ്ഥരെ എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കുള്ള ധര്‍മടം ബന്ധം എന്താണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് വിവാദ മരംമുറി കേസിൽ എപിസിസിഎഫ് രാജേഷ് രവീന്ദ്രൻ തയ്യാറാക്കിയിരിക്കുന്നത്.
ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻ.ടി.സാജൻ, ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും കോഴിക്കോട്ടെ മാധ്യമ പ്രവർത്തകനായ ധർമ്മടം സ്വദേശിക്കുമെതിരേ വിരൽ ചൂണ്ടുന്നതാണ് പ്രസ്തുത റിപ്പോർട്ട്. അഗസ്റ്റിൻ സഹോദരങ്ങൾ മരംകൊള്ള കേസിലെ പ്രധാന പ്രതികളാണെന്ന പൂർണ ബോധ്യത്തോടെയാണ് ഇവർക്ക് അനുകൂലമായി എൻ ടി സാജൻ വനം ഉദ്യോഗസ്ഥരെ കുടുക്കാൻ ശ്രമിച്ചതെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. അതിനേക്കാൾ ഭയാനകവും മാധ്യമ പ്രവർത്തകർക്കാകമാനം നാണക്കേടുണ്ടാക്കുന്ന, ധർമ്മസങ്കടമുണ്ടാക്കുന്നതാണ് മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലർത്തുന്ന മാധ്യമപ്രവർത്തകന് ഈ കേസിലുള്ള പങ്ക്. ഈ മാധ്യമ പ്രവർത്തകനുമായി സഹോദരങ്ങൾ ഫെബ്രുവരി ഒന്നു മുതൽ മേയ് 31 വരെ 119 തവണ സംസാരിച്ചതിന്റെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ ഒആർ 1 / 2021 ആയി ഫെബ്രുവരി 8ന് റജിസ്റ്റർ ചെയ്ത 14 ക്യുബിക് മീറ്റർ
ഈട്ടി കടത്തിയ കേസിലെ പ്രതികളാണ് സഹോദരങ്ങൾ എന്ന ബോധ്യത്തോടെ തന്നെയാണ് സാജൻ കേസിൽ ഇടപെടുന്നതെന്നും
രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടിൽ വ്യക്തമാണ്.
ഇത്രയും ഗുരുതരമായ റിപ്പോർട്ട് മറച്ചുവച്ചുകൊണ്ടാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടി സ്ഥലംമാറ്റത്തിൽ മാത്രം ഒതുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയത്.
വനം വകുപ്പില്‍ സത്യസന്ധമായ നിലപാടെടുത്ത ഉദ്യോഗസ്ഥന്‍ ഉള്ളതുകൊണ്ടാണ് കള്ളക്കച്ചവടം പിടിക്കപ്പെട്ടത്. എന്നാൽ
ആ ഉദ്യോഗസ്ഥനെ കള്ളക്കേസില്‍പ്പെടുത്താന്‍ ശ്രമിച്ച, മരം മുറി മാഫിയയുടെ അടുത്തയാളുകളായ ഉദ്യോഗസ്ഥർക്ക് ഈ മാധ്യമ പ്രവർത്തകൻ നടത്തിയ ഇടപെടൽ തൊഴിലിനു ചേരാത്ത നടപടിയായി.
മരം മാഫിയയെ സഹായിച്ചെന്ന ആരോപണം ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല. അയാള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തുള്ള ഫയല്‍ മുഖ്യമന്ത്രി മാറ്റുകയും ചെയ്തുവെന്നത് വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.
മരം മുറി വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചതോടെയാണ് പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറായതെന്ന പ്രതിപക്ഷത്തിൻ്റെ വാദം ഏറെക്കുറെ ശരിയുമാണ്. ഏതായാലും മുട്ടിൽ മരം മുറി കേസിൽ സർക്കാറിൻ്റെ വീഴ്ച വ്യക്തമാണ്. അതിനൊരു പ്രായശ്ചിത്തമായെന്നോണം കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇടനിലക്കാർക്കാതിരെയും മുഖം നോക്കാതെ മാതൃകാപരമായ നടപടിയെടുക്കണം. ഇതിനു സര്‍ക്കാര്‍ തയാറാകണമെന്നാണ് ഈയവസരത്തിൽ പൊതുജനങ്ങൾക്കും ആവശ്യപ്പെടാനുള്ളത്. ജയ് ഹിന്ദ്.










