ഈ വിധി നൽകുന്ന പ്രതീക്ഷ ചെറുതല്ല.
—അസിസ് മാസ്റ്റർ —-
പലവട്ടം പലരും പറഞ്ഞതാണ്, ബി ജെ പി അപകടമാണ്. അവര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം സാമൂഹിക രാഷ്ട്രീയ രംഗത്ത് ഗുണത്തേക്കാളേറെ സാധാരണക്കാര്‍ക്ക് ഉപദ്രവമാണ് ഉണ്ടാവുക. ദീര്‍ഘവീക്ഷകരായ രാഷ്ട്രീയ ചാണക്യന്മാര്‍ പറഞ്ഞുവെച്ച മുന്നറിയിപ്പുകള്‍, പഴയ പത്രത്താളുകളും അവരെഴുതിയ പുസ്തക താളുകളും തുറന്ന് നോക്കുമ്പോള്‍ എത്രമാത്രം അവര്‍ ബി ജെ പിയെയും അവര്‍ ഉയര്‍ത്തുന്ന ചതിക്കുഴികളെ കുറിച്ചും എത്ര കൃത്യമായി പങ്കുവെച്ചിട്ടുണ്ടെന്ന് മനസ്സിലാവും. ഇക്കാണുന്ന എല്ലാ രാജ്യപുരോഗതിയുടെയും അവകാശം തട്ടിയെടുക്കുകയും എന്നാല്‍ രാജ്യം തന്നെ കുത്തകക്കാര്‍ക്ക് തീറെഴുതി കൊടുക്കുകയും ചെയ്യുമ്പോള്‍ പോലും എല്ലാം നശിപ്പിച്ചത് നെഹ്‌റു കുടുംബത്തിന്റെ ഭരണമാണ് ജനജീവിതം താറുമാറാക്കിയതെന്ന് യാതൊരു ഉളുപ്പും അറുപ്പുമില്ലാതെ ബി ജെ പി നേതാക്കള്‍ പൊതുസമൂഹത്തോട് സമര്‍ത്ഥിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കാണ് ലജ്ജ തോന്നുന്നത്. നുണയും വര്‍ഗീയതയും കള്ളപ്പണവും കൊണ്ട് നാടിന്റെ മനഃസമാധാനം കളയുന്നവര്‍ക്ക് എളുപ്പം ചേരാവുന്ന കൂട്ടുകെട്ടാണ് ബി ജെ പിയുടേതെന്ന് പറഞ്ഞാല്‍ തെറ്റാണെന്ന് രാഷ്ട്രീയ ബോധമുള്ളവരാരും തയ്യാറാവില്ല. അത്രമേല്‍ ജനജീവിതം ദുസ്സഹമാക്കി മാറ്റിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. അടുക്കളയും ഗതാഗതവും ഒരുപോലെ സ്തംഭിപ്പിക്കുന്ന വിലക്കയറ്റവും കര്‍ഷകരെയും സാധാരണക്കാരുടെയും ദൈനംദിന ജീവിതത്തിലേക്ക് നിയമത്തിന്റെ കയ്യേറ്റം നടത്തി തലങ്ങും വിലങ്ങും ഓടിക്കുകയും ചെയ്യുക എന്നത് ഹരമായി മാറ്റിയിരിക്കുകയാണ് മോദി സര്‍ക്കാറും ബി ജെ പിയും. കോവിഡ് പശ്ചാത്തലത്തിലും മോദി-യോഗി സര്‍ക്കാര്‍ കാണിച്ച മനുഷ്യത്വവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ സമര്‍ത്ഥിക്കാനുണ്ട്. അവയൊന്നും ഇവിടെ പരാമര്‍ശിക്കുന്നില്ല.
ബി ജെ പിയുടെ തന്ത്രങ്ങളില്‍ പെട്ട് അയ്യോ എന്ന് നിലവിളിക്കുന്ന സാധാരണക്കാര്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലും ബി ജെ പി ഇതര രാഷ്ട്രീയ പാര്‍ട്ടികളിലും വിശ്വാസം നേടേണ്ട അവസ്ഥയിലെത്തി നിന്നു. അതിന്റെ ഒരു തെളിവാണ് പതിനാല് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലെ ഫലം. ബംഗാളില്‍ ബി ജെ പിക്ക് മൂന്നിടത്ത് കെട്ടിവെച്ച കാശ് പോയിയെന്നത് നിലവിലെ രാഷ്ട്രീയ മാറ്റത്തെ ചെറുതായി കാണാനാവില്ല. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനും കരുത്താവുന്ന നേട്ടം സാധ്യമായത്. മൂന്ന് ലോകസഭാ മണ്ഡലങ്ങളിലേക്കും 29 നിയമസഭ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ ബി ജെ പിക്കെതിരേയുള്ള വിധിയെഴുത്തായി മാറി. മതേതര-ജനാധിപത്യ മൂല്യങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍, ഈ വിധി നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. ബി ജെ പിയുടെ അന്യായത്തിനെതിരേ കോണ്‍ഗ്രസ് വിജയചരിത്രം പുതിയൊരു അധ്യായം കുറിക്കുമെന്നതിന്റെ ശുഭസൂചന കൂടിയാണ്. പെട്രോളിയം ഉത്പന്നങ്ങള്‍ക്കും പാചകവാതകത്തിനും അടിക്കടി വര്‍ധിപ്പിക്കുന്ന വിലക്കയറ്റത്തിനെതിരേ ചെറുവിരല്‍ അനക്കുന്നതിനെതിരേ ഷോ നടത്തി നിറംകെടുത്താന്‍ ശ്രമിക്കുന്ന ജോജിമാര്‍ക്ക് സാധാരണക്കാരുടെ പോരാട്ടവും സഹനവും അറിയാന്‍ വഴിയില്ല. തങ്ങളുടെ വഴി അല്‍പം അടഞ്ഞാലും നല്ലൊരു നാളേയ്ക്കു വേണ്ടി ക്ഷമിക്കാന്‍ കഴിയുന്ന അനേകലക്ഷം പേരിലാണ് രാജ്യത്തിന്റെ ഭാവി നിലനില്‍ക്കുന്നതെന്ന് തിരിച്ചറിവില്‍ എല്ലാവര്‍ക്കും നേരുന്നു ശുഭസായാഹ്നം. ജയ്ഹിന്ദ്.