നവംബര്‍ ഒന്നിന് വീണ്ടും പള്ളിക്കൂടം തുറക്കുമ്പോള്‍
—- അസീസ് മാസ്റ്റർ —-
നവംബര്‍ ഒന്ന് കേരള പിറവി ദിനം. അതുപോലെ തന്നെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയാണ് കൊറോണ കാരണം അടച്ചിട്ട വിദ്യാലയങ്ങള്‍ തുറക്കുന്നതും കുട്ടികളും അധ്യാപകരും നേരില്‍ കാണുന്നതും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ മൊബൈല്‍ സ്ക്രീനിലെ നീല വെളിച്ചത്തില്‍ നിന്നും തുറസ്സായ വിദ്യാലയ തിരുമുറ്റവും കളിക്കൂട്ടുകാര്‍ ഒന്നിച്ചുള്ള രസമുഹൂര്ത്തങ്ങള്ക്കും കേരളപ്പിറവി ദിനം സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. ഒന്നര വര്‍ഷത്തിനു ശേഷം വീണ്ടും സ്കൂളുകള്‍ തുറക്കുമ്പോഴും ശേഷിക്കുന്ന അധ്യയന വര്‍ഷം നാലു മാസമാണ്. പുത്തനുടുപ്പും പുത്തന്‍ ബാഗും കുടയുമായി ചിത്രശലഭങ്ങളെ പോലെയാണ് പൊതുവെ, സ്കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളെല്ലാം എത്തിയിരുന്നത്. മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ക്ക് യൂനിഫോം ഉണ്ടാകുമെന്ന് മാത്രം. വീണ്ടും സ്കൂളുകള്‍ തുറക്കുമ്പോള്‍, യൂനിഫോം വേണമോ, വേണ്ടയോ എന്ന അന്വേഷണത്തിലാണ് കുട്ടികളും രക്ഷിതാക്കളും. കൃത്യമായ മറുപടി പറയാനാവാതെ വിഷമിക്കുന്നത് അധ്യാപകരും. യൂനിഫോം നിര്‍ബന്ധമാക്കരുതെന്ന അഭിപ്രായമാണ് പൊതുവായി ഉയരുന്നത്. കോവിഡ് കാരണം തൊഴില്‍ നഷ്ടപ്പെട്ട രക്ഷിതാക്കള്‍ക്ക് മക്കളുടെ ഭക്ഷണവും യാത്രയും വരുത്തുന്ന ചെലവിനൊപ്പം യൂനിഫോമിനും തുക കണ്ടെത്തേണ്ടി വരുന്നത് അധിക ബാധ്യതയുണ്ടാക്കുമെന്നാണ് ഈ അഭിപ്രായത്തിന് ബലം നല്‍കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ ഉദാരസമീപനം സ്വീകരിച്ചാല്‍ മാത്രമേ വിദ്യാലയ അധികൃതര്‍ക്ക് യൂനിഫോം നിര്‍ബന്ധം എന്ന തലവേദനക്ക് അറുതി വരുത്താന്‍ ആവുകയുള്ളൂ. കോവിഡ് മഹാമാരിയില്‍ പെട്ടു പല വിദ്യാര്‍ഥികളുടേയും രക്ഷിതാക്കള്‍ മരണപ്പെട്ടു. പലരും രോഗികളുമായി. ഈ വിഷമത്തോടെയാണ് കുട്ടികള്‍ സ്കൂളിലേക്ക് വരേണ്ടി വരുന്നത്. പരീക്ഷ എഴുതാതെ ക്ലാസ് കയറ്റം ലഭിച്ചവരാണ് എല്ലാവരും. ഓണ്‍ലൈന്‍ ക്ലാസുകളുടെ നിലവാരം എത്രയുണ്ടെന്ന് എല്ലാവരും മനസിലാക്കി, വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാനുള്ള ശ്രദ്ധ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്നുമുണ്ടാവണം. മാത്രവുമല്ല, വസ്ത്രങ്ങളും ബാഗുകളും മറ്റും സ്കൂള്‍ തുറക്കുമ്പോള്‍ അനിവാര്യമാണല്ലോ, അതിനുവേണ്ടി സഹായസഹകരണങ്ങള്‍ ചെയ്യാനും ഭരണകൂടങ്ങള്‍ ശ്രമിക്കേണ്ടതാണ്. ഓണ്‍ലൈന്‍ സംവിധാനം ഒരുക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവരികയും വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും മറ്റും നല്കിയതുപോലെ പുത്തന്‍ ബാഗുകളും പുത്തനുടുപ്പുകള്‍ നല്‍കാനും മുന്നിട്ടിറങ്ങേണ്ടതാണ്. ആദ്യമായി കലാലയത്തിന്റെ പടികള്‍ കയറുന്ന പിഞ്ചുമക്കളും കൂട്ടത്തിലുണ്ട്. കൂട്ടത്തില്‍ ഒരു കാര്യവും കൂടി സര്‍ക്കാറിനെ ഉണര്ത്തട്ടെ , 18 വയസിന് താഴെയുള്ളവര്‍ക്ക് വാക്സിന് നല്‍കാത്ത സാഹര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെയാവണം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം. മാത്രവുമല്ല, വിദ്യാര്‍ഥികള്‍ക്കുള്ള വാക്സിനുകള്‍ അവരുടെ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. പൊതുജനങ്ങള്‍ക്ക് നല്കിയ രൂപത്തിലായാല്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയാസം ഉണ്ടാക്കും. സ്കൂളില്‍ വെച്ച് നല്കുമ്പോള് എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്‍കിയെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാറിന് സാധ്യമാവുകയും ചെയ്യും. കാര്യങ്ങള്‍ എളുപ്പത്തിലും പ്രയാസരഹിതവും ആയിരിക്കും. വിദ്യാര്‍ഥികള്‍ക്ക് അതിന്റെ പേരില്‍ ക്ലാസ് നഷ്ട്ടമാവുകയുമില്ല.
ജയ് ഹിന്ദ്.