ഇഡി യെ ആർഎസ്എസിന് വേണ്ടി ദുരുപയോഗം ചെയ്യുന്നത് അപലപനീയം: പോപുലർ ഫ്രണ്ട്
പാലക്കാട്: നിഷ്പക്ഷമായ അന്വേഷണം നടത്തേണ്ട ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആർഎസ്എസിന്റെ ഉപകരണമായാണ് പ്രവർത്തിക്കുന്നതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നിർവാഹക സമിതിയോഗം പ്രസ്താവനയിൽ പറഞ്ഞു. പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ഇഡി നടത്തിയ അന്യായ പരിശോധനകളും റെയ്ഡുകളും തെളിയിക്കുന്നതിതാണ്. ആർഎസ്എസിന്റെ ജനവിരുദ്ധ പ്രത്യയശാസ്ത്രത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതാണ് പോപുലർ ഫ്രണ്ടിനെതിരായ വേട്ടക്ക് കാരണമെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാവുന്നതാണ്.
മുസ്ലിംകൾ ഉൾപ്പെടെ പാർശ്വവൽകരിക്കപ്പെട്ട എല്ലാ സമുദായങ്ങളുടെയും ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ജനകീയ പ്രസ്ഥാനമാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകളെ മാത്രം ആശ്രയിച്ച് നിലനിൽക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയിൽ, സർക്കാർ നിയമങ്ങൾക്കും ചട്ടങ്ങൾക്കും പൂർണ്ണമായും വിധേയമായാണ് പോപുലർ ഫ്രണ്ട് സാമ്പത്തിക ഇടപാടുകൾ നടത്തുന്നത്. ആർഎസ്എസിന്റെയും അതിന്റെ രാഷ്ട്രീയ വിഭാഗമായ ബിജെപിയുടെയും വർഗീയ വിധ്വംസക അജണ്ടയ്ക്കെതിരെ പ്രവർത്തിക്കുന്നവരെ നിശബ്ദമാക്കുന്നതിനും അടിച്ചമർത്തുന്നതിനുമുള്ള ഒരു ഏജൻസിയായി ഇഡി മാറുന്നുവെന്നാണ് പക്ഷപാതപരമായ അതിന്റെ പ്രവർത്തനങ്ങളിലൂടെ വ്യക്തമാവുന്നത്.
വളരെ ചെറിയ സാമ്പത്തിക സ്രോതസ്സുകളും ഇടപാടുകളും ഉള്ള ഗ്രൂപ്പുകൾക്ക് പിന്നാലെ ഇഡിയും മറ്റ് അന്വേഷണ ഏജൻസികളും പോകുമ്പോൾ, ആർഎസ്എസിന് താൽപ്പര്യമുള്ള വലിയ കോർപ്പറേറ്റുകളെയും രാഷ്ട്രീയ ഗ്രൂപ്പുകളെയും എൻജിഒകളെയും തൊടാൻപോലും അവർ ഭയപ്പെടുന്നു. ഇലക്ടറൽ ബോണ്ടുകളുടെ മറവിൽ ഉറവിടം വെളിപ്പെടുത്തുന്നതിന് യാതൊരു ബാധ്യതയുമില്ലാതെ നൂറുകണക്കിന് കോടി രൂപ സമാഹരിച്ച ഭരണകക്ഷിയായ ബിജെപിക്കെതിരെ നടപടിയെടുക്കുന്നതുവരെ ഒരു അന്വേഷണ ഏജൻസിക്ക് അതിന്റെ വിശ്വാസ്യത അവകാശപ്പെടാൻ കഴിയില്ല.
പോപുലർ ഫ്രണ്ടിനെതിരായ വേട്ട ഏതെങ്കിലും ഒരു പ്രത്യേക സംഘടനക്കെതിരായുള്ള ഒറ്റപ്പെട്ട ആക്രമണമല്ല. ഭരണഘടനാപരമായി, പൗരന് ലഭിക്കേണ്ട തുല്യഅവകാശങ്ങൾ രാജ്യത്തെ മുസ്ലിംകൾക്ക് നിഷേധിക്കാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണത്. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ടാർഗറ്റ് ചെയ്യുന്നതിലൂടെ അവരുടെ ആത്യന്തിക ലക്ഷ്യം ഇന്ത്യയിലെ മുസ്ലിം സമുദായത്തെ സേവിക്കുന്ന ആത്മാർത്ഥതയും സത്യസന്ധതയുമുള്ള എല്ലാ സംഘടനകളെയും സ്ഥാപനങ്ങളെയും നേതാക്കളെയും ഭയപ്പെടുത്തുക എന്നതാണ്.
ഇത്തരം പ്രതികാര നടപടികൾകൊണ്ട് സംഘടനയെ നിശബ്ദമാക്കാൻ കഴിയില്ലെന്ന് പോപുലർ ഫ്രണ്ടിന്റെ ദേശീയ നിർവാഹക സമിതി വ്യക്തമാക്കുന്നു. അധികാര ദുർവിനിയോഗത്തിനെതിരായ പൊതുജനങ്ങളുടെ പ്രതികരണങ്ങൾ, ഇന്ത്യൻ ഭരണഘടനയോടും നിയമവാഴ്ചയോടും ഉള്ള പ്രതിബദ്ധതയിലേക്ക് സർക്കാർ ഏജൻസികളുടെ കണ്ണ് തുറപ്പിക്കുമെന്നും ദേശീയ നിർവാഹക സമിതി പ്രതീക്ഷിക്കുന്നു.