“ജൂലൈ 1 – ഡോക്ടേഴ്സ് ഡേ”ദിനാചരണത്തിന്റെ ഭാഗമായി ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബ്, ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആദരിച്ചു.
ദൈവത്തിനും മനുഷ്യനും ഇടയിലാണ് ഒരു ഡോക്ടറുടെ സ്ഥാനം. ഒരു രോഗിയിൽ സ്വന്തം അച്ഛനെയും അമ്മയെയും മകനെയും മകളെയും ആണ് ഏതോരു ഡോക്ടറും കാണുക. ഒരു ജീവൻ നഷ്ടപ്പെടുമ്പോൾ ഏറ്റവും അധികം കരയുന്നതും, മറിച്ച് ഒരു ജീവൻ രക്ഷിക്കാൻ പറ്റുമ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നതും ഒരു ഡോക്ടർ തന്നെയാണ്. മഹാമാരിയുടെ കെട്ടകാലത്തും ജീവൻ വെടിഞ്ഞ് മറ്റുള്ളവർക്ക് ഉയിരേകിയ ദൈവതുല്യരെ കൈയോങ്ങുമ്പോൾ ഒന്നോർക്കുക ഓരോ ആശുപത്രിയിലും ദിവസവും എത്ര ഡോക്ടർമാർ സ്വന്തം ഉറക്കം കളഞ്ഞ് ജീവനുകൾ രക്ഷിക്കുന്നു.
ഇന്ന് ഡോക്ടർമാരുടെ ദിനമാണ്. തിരിക്ക് പിടിച്ച ജീവിതത്തില്‍ ഡോക്ടര്‍മാര്‍ ആചരിക്കുന്ന ഒരേയൊരു ദിനമായിരിക്കും ഇത്. രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്‌സ് ദിനം. വെല്ലുവിളികള്‍ അതിജീവിച്ചുകൊണ്ട് നിസ്വാര്‍ത്ഥ സേവനത്തിലൂടെ നാടിന്റെ പുരോഗതിയ്ക്കായി പോരാടുന്ന ഡോക്ടര്‍മാരെ ആദരിക്കാനാണ് ഡോക്‌ടേഴ്‌സ് ദിനം ആചരിക്കുന്നത്. 1991 ജൂലൈ 1 മുതലാണ് രാജ്യത്ത് ഡോക്ടർമാരുടെ ദിനാചരണം ആരംഭിച്ചത്.
രോഗിക്ക് മുന്നില്‍ ഡോക്ടര്‍ ഇന്നും ദൈവമാണ്. എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. ഈ ദിനമാണ് സമൂഹത്തില്‍ പകരം വയ്ക്കാനാവാത്ത സേവനങ്ങള്‍ നല്‍കുന്ന ഡോക്ടര്‍മാരുടെ മാതൃകാ ജീവിതം ഉയര്‍ത്തിക്കാട്ടാനും അവരെയെല്ലാം അനുസ്മരിക്കാനുമായി ഉപയോഗിക്കുന്നത്.
നമ്മുടെ സമൂഹത്തെ ആരോഗ്യമുള്ളതാക്കി മാറ്റാന്‍ 24 മണിക്കൂറും കഠിനാധ്വാനം ചെയ്യുന്ന എന്റെ പ്രിയപ്പെട്ട ഓരോ ഡോക്ടര്‍മാരെയും ഡോക്‌ടേഴ്‌സ് ദിനത്തില്‍ അഭിനന്ദിക്കുന്നു.
പൊതുജനങ്ങളുടെ ക്ഷേമത്തിനായി നമ്മുടെ ഡോക്ടർമാർ നല്‍കുന്ന ബൃഹത്തായ സംഭാവനകള്‍ക്ക് നീതി പകരാന്‍ വാക്കുകള്‍ക്കാവില്ല.
ഡോ.ധന്യ.എസ്.പി, ഡോ.യാഹ് യ ബാബു.ടി എസ്, ഡോ.അശ്വതി മോഹൻ.കെ തുടങ്ങിയവരെ ആദരിച്ചുകൊണ്ട് ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിന്റെ ചാർട്ടർ പ്രസിഡണ്ട് ഡോ.എ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് മണികണ്ഠൻ മഠത്തിൽ അദ്ധ്യക്ഷനായിരുന്നു.
ലയൺസ് ക്ലബ്ബിൻറെ വൈസ് പ്രസിഡണ്ട് മാരായ ഡോ.സതീഷ്.ടി, രാജീവ് മാടമ്പി, ഡയറക്ടർ ബോർഡ് ചെയർമാൻ പി.പ്രസാദ്, ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഇൻസ്പെക്ടർ ഷിജു.വി.വി, നഴ്സിംഗ് ഓഫീസർ പ്രിയ.പി, തുടങ്ങിയവർ നേതൃത്വം നൽകി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാമദാസ്.വി.എസ് സ്വാഗതവും, ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിൻറെ സെക്രട്ടറി ഭാസ്കർ പെരുമ്പിലാവിൽ നന്ദിയും പറഞ്ഞു.