ഡി ജി പി എന്ന അധികാര ദണ്ഡ് യുക്തിപൂർവ്വമായിരിക്കട്ടെ!
- അസീസ് മാസ്റ്റർ –
സംസ്ഥാന പൊലീസ് മേധാവിയായി വൈ . അനിൽ കാന്ത് ചുമതലയേറ്റിരിക്കുന്നു. 1988 ബാച്ചിലെ ഐ പി എസ് ഓഫിസറായ അനിൽ കാന്ത് റോഡ് സുരക്ഷാ സ്ഥാനത്ത് നിന്നാണ് ഡി ജി പി എന്ന അധികാര ദണ്ഡ് സ്വീകരിച്ചിരിക്കുന്നത്. എ എസ് പി ആയി വയനാട് സർവീസ് തുടങ്ങി എസ് പി, ഇൻ്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റൻ്റ് ഡയറക്ടർ, കമ്മീഷണർ, ക്രൈംബ്രാഞ്ച് എസ് പി, സ്പെഷൽ ബ്രാഞ്ചിലടക്കം ഡി ഐ ജി, ഐ ജി, അഡീഷണൽ എക്സൈസ് കമ്മീഷണർ, എഡിജിപി, കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാൻ ആൻ്റ് എം ഡി, സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപി, ഫയർഫോഴ്സ് ഡയറക്ടർ ജനറൽ, ബറ്റാലിയൻ പൊലീസ് ആസ്ഥാനം, സൗത്ത് സോൺ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എഡിജിപി, ജയിൽ മേധാവി, വിജിലൻസ് ആൻ്റ് കറപ്ഷൻ ബ്യൂറോ തലവൻ തുടങ്ങി നിരവധി എന്നീ പദവികളിൽ നിന്നും നേടിയെടുത്ത ആർജ്ജവം കേരള സമൂഹത്തിൻ്റെ ക്രമസമാധാന പാലത്തിന് കരുത്തേകുമെന്ന് പ്രത്യാശിക്കാം.
വിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ച ആളെന്ന നിലക്കുള്ള മികവ് പൊലീസ് സേനക്ക് ഗുണപരമായി തീരും. നിലവിൽ പൊലീസ് മേധാവിയായി വിരമിച്ച ലോക്നാഥ് ബെഹ്റയെ പോലെ ചോറിവിടെയും കൂറ് അവിടെയും എന്ന നിലക്കുള്ള നിലപാടുകളാവാതിരുന്നാൽ തന്നെ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ അന്തസാർന്ന ക്രമസമാധാന പരിപാലനത്തിൽ കീർത്തി നേടും.
ഡി ജി പി എന്ന അധികാര ദണ്ഡ് കൈയ്യിലുള്ളപ്പോൾ ഒന്നും ചെയ്യാതെ പടിയിറങ്ങുന്നതിൻ്റെ ഭാഗമായുള്ള വിടവാങ്ങൽ പ്രസംഗത്തിൽ കുറ്റസമ്മതം നടത്തുന്ന രീതി ശരിയല്ല. ആഭ്യന്തര വകുപ്പും മിടുക്കന്മാരായ പൊലീസ് ഓഫിസർമാരും നവീന സംവിധാനങ്ങളും ഉണ്ടായിരിക്കെ ഒന്നും ചെയ്യാതെ കേരളത്തെ സംശയ നിഴലിലാക്കി പടിയിറങ്ങുക എന്നത് മുൻ ഡി ജി പി സെൻകുമാറിനെ പോലെ ബഹ്റയും പെരുമാറിയത് കേന്ദ്ര സർക്കാറിൻ്റെ, സംഘപരിവാർ കൂടാരത്തിൻ്റെ പ്രീതി പറ്റാനാണ് എന്നത് പകൽ പോലെ വ്യക്തമാണ്. ഡി ജി പി യായിരുന്ന വേളയിൽ ഉറക്കം തൂങ്ങി വിവാദ ഉത്തരവുകളും വാക്കുകളും കൊണ്ട് കേരളക്കാരെ അപമാനിച്ച സംഭവങ്ങൾ ഇവിടെ പ്രത്യേകം പരാമർശിക്കുന്നില്ല. എന്നാൽ മുണ്ടുടുത്തും മലയാളം പറഞ്ഞും കൊണ്ടു മാത്രം മലയാളികളോടുള്ള കടമയായി മാറുമെന്ന് വിചാരിക്കുന്നത് ഭോഷത്തരമാണ്. പകരം തനിക്ക് കൈവന്ന സർവ്വീസ് കാലയളവിൽ മലയാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന നല്ലൊരു പൊലീസ് സംവിധാനം കൊണ്ടുവന്ന് ആഭ്യന്തര വകുപ്പിനെ സഹായിക്കുക എന്നതിലായിരിക്കണം കടമ.
വിരമിച്ച ശേഷം കിട്ടുന്ന സ്ഥാനമാനങ്ങൾക്കു വേണ്ടി കുലംകുത്തിയാവുന്ന ഡി ജി പിമാരുടെ ചരിത്രം തിരുത്തുന്ന, തൻ്റേടിയായ, യുക്തിപൂർവ്വമായ തീരുമാനങ്ങളുമായി ലോക മലയാളികളുടെ കയ്യടി നേടുന്ന ഡി ജി പിയായി വൈ. അനിൽ കാന്ത് മാറട്ടെയെന്ന് ആശംസിക്കുന്നു. എല്ലാ വായനക്കാർക്കും ശുഭ സായാഹ്നം. ജയ് ഹിന്ദ്.