ദയ ഏറ്റെടുത്തു, 91 കാരി ദൈവാന മുത്തശ്ശിക്ക് ഭാരങ്ങൾ ഇറക്കിവക്കാം
…………………………………………
നെന്മാറ:- തൊണ്ണൂറ്റി യൊന്നാം വയസ്സിലും ആറു പേരടങ്ങുന്ന ഒരു കുടുംബത്തെ ഒറ്റക്ക് ചുമലിൽ വഹിച്ചിരുന്ന ദൈവാന മുത്തശ്ശിക്ക് ഇനി ആശ്വസിക്കാം. ഒരു വീടെന്ന നീണ്ട കാലത്തെ മോഹവും പേരക്കുട്ടി സജിമോളുടെ വിവാഹവും പെരിങ്ങോട്ടുകുറിശ്ശി ദയ ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു.
ദയ ഭവനനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടിൻ്റെ താക്കോൽ നെന്മാറ വ്യാപാര ഭവൻ അനെക്സ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് നെന്മാറ
എം എൽ എ കെ. ബാബു കുടുംബാംഗങ്ങൾക്ക് സമ്മാനിച്ചു. 91 വയസ്സായ ദൈവാനമുത്തശ്ശിയും, 70വയസ്സുകാരൻ രോഗിയായ മകനും, മനോരോഗത്തിന് ചികിത്സതേടുന്ന മൂന്ന് പെൺമക്കളും അടങ്ങുന്ന ഒരു കുടുംബത്തിൻ്റെ ദുരിതപർവ്വത്തിനാണ് ഇതോടുകൂടി അന്ത്യമാകുന്നത്.
ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉന്നതാധികാര സമിതി അംഗമായ വിദ്യാശങ്കർ പറക്കുന്നത്താണ് ഗൃഹനിർമ്മാണത്തിനുള്ള തുക പൂർണമായും സംഭാവന ചെയ്തത്.
ദയ ചാരിറ്റബിൾ ട്രസ്റ്റ് പാലക്കാട് ജില്ലയിൽ നിർമ്മിച്ച് നൽകുന്ന പതിമൂന്നാമത് ദയാഭവനം ആണ് ദൈവാനമുത്തശ്ശിക്ക് സമർപ്പിച്ചത്.
താക്കോൽദാനചടങ്ങിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷ് അധ്യക്ഷത വഹിച്ചു. ദയ അഡ്മിൻ പാനൽ അംഗം വിദ്യാശങ്കർ പറക്കുന്നത്ത് മുഖ്യാതിഥിയായി.ആലത്തൂർ ബി എസ് എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസപ്പൽ വിജയൻ വി. ആനന്ദ്, ദയ ട്രഷറർ ശങ്കർജി കോങ്ങാട്, ദയ ട്രസ്റ്റി ദീപ ജയപ്രകാശ്, സബ് ജില്ലാഇൻസ്പെക്ടർ എം ഹംസ കൊടുവായൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശോഭ ടി എന്നിവർ ആശംസ അറിയിച്ചു. മുരളി മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിന് ദയ അംഗം രമേഷ് നന്ദി പ്രകാശിപ്പിച്ചു .
ഒക്ടോബർ 20 ന് ദൈവാനിയമ്മയുടെ പേരക്കുട്ടി സജി മോളുടെ വിവാഹവും ദയ മംഗല്യദീപം പദ്ധതിയുടെ ഭാഗമായി 5 പവൻ ആഭരണങ്ങളും, വിവാഹവസ്ത്രങ്ങളും നൽകി ദയ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ട്.