ഡേറ്റ ബാങ്ക് ഉൾപ്പെട്ട പ്രദേശങ്ങൾ സന്ദർശിച്ച് ഷൊർണൂർ നഗരസഭ അധ്യക്ഷന്
ഷൊർണൂർ∙ നഗരസഭാ പ്രദേശത്തെ രണ്ട് വില്ലേജുകളിലായി ഭൂമി പരിവർത്തനം ചെയ്യാൻ സാധ്യമായ രീതിയിൽ ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കുന്നതായുള്ള നഗരസഭ സെക്രട്ടറി പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനത്തിൽ ഉൾപ്പെട്ട പ്രദേശങ്ങൾ നഗരസഭ അധ്യക്ഷനും പാടശേഖര സമിതി ഭാരവാഹികളും സന്ദർശിച്ചു. ഡേറ്റാ ബാങ്കിൽ നിന്ന് അനധികൃതമായി ചിലർ പുറത്ത് പോയതായുള്ള പരാതിയുയർന്ന സാഹചര്യത്തിലാണ് നഗരസഭ അധ്യക്ഷൻ എം.കെ. ജയപ്രകാശ് , ഇത് സംബന്ധിച്ച് പരാതി നൽകിയ പാടശേഖര ഏകോപന സമിതി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കൊപ്പം പ്രദേശം സന്ദർശിച്ചത്.
തരിശിട്ട മുഴുവൻ പാടങ്ങളും കൃഷി യോഗ്യമാക്കാൻ എല്ലാ സഹായവും നഗരസഭ ലഭ്യമാക്കുമെന്ന് അധ്യക്ഷൻ പറഞ്ഞു. ഡേറ്റാ ബാങ്ക് സംബന്ധിച്ച് ജില്ലാ കലക്ടർ തീരുമാനമെടുക്കും. അർഹരായവരെ മാത്രമേ ഡേറ്റാ ബാങ്കിൽ നിന്ന് പുറത്ത് പോകാൻ അനുവദിക്കാവൂ. വിഷയം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ ഡേറ്റാ ബാങ്ക് ജില്ല കലക്ടർ ഉൾപ്പെടുന്ന സമിതിക്ക് കൈമാറാൻ നിർദേശിച്ചിരുന്നു. ഇപ്പോഴത്തെ ഡേറ്റാ ബാങ്ക് റദ്ദാക്കി അനർഹരെ പരിഗണിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
ഇക്കാര്യങ്ങൾ ബന്ധപ്പെട്ട മന്ത്രിമാരെ അറിയിച്ചിട്ടുണ്ടെന്ന് ജയപ്രകാശ് പറഞ്ഞു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എസ്.ജി. മുകുന്ദൻ, ടി.മുരളീധരൻ, കെ.യു. ഗോപകുമാർ, പാടശേഖര സമിതി ഭാരവാഹികളായ സി.ബിജു, വിജയപ്രകാശ് സങ്കർ, വിനോദ് ചെമ്പോട്ടിയിൽ, ഐ.ശശിധരൻ നായർ, കെ.സുരേഷ് തുടങ്ങിയവരും പ്രദേശം സന്ദർശിച്ചു.