പാലക്കാട്ട് ദേശീയപാതയോരത്ത് അഴുകിയനിലയില്‍ മൃതദേഹം കണ്ടെത്തി; കൈകള്‍ മുറിച്ചുമാറ്റിയ നിലയില്‍
തച്ചമ്പാറയിൽ കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്ത് അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പുതിയ പെട്രോൾ പമ്പിന് സമീപത്തായാണ് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതായാണ് പോലീസിന്റെ നിഗമനം.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് റോഡരികിൽ മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നഗ്നമായനിലയിൽ കമിഴ്ന്നാണ് മൃതദേഹം കിടന്നിരുന്നത്. കൈകൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കാലുകൾ മുറിച്ചെടുക്കാൻ ശ്രമിച്ചതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
സ്ഥലത്തെത്തി പരിശോധന നടത്തിയ കല്ലടിക്കോട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഒരാഴ്ചയ്ക്കിടെ മണ്ണാർക്കാട്, തച്ചമ്പാറ ഭാഗങ്ങളിൽനിന്ന് ആരെയും കാണാതായതായി പരാതിയൊന്നുമില്ലെന്നാണ് പോലീസ് നൽകുന്നവിവരം. ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാൽ മറ്റെവിടെയോവെച്ച് കൊലപാതകം നടത്തിയശേഷം മൃതദേഹം തച്ചമ്പാറയിൽ ഉപേക്ഷിച്ചതാകുമെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.