ഒലവക്കോട് മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ
പാലക്കാട് ∙ മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ. ഒലവക്കോട് മെഡിക്കൽ ഷോപ്പ് ഉടമ കാജാ ഹുസൈനെ ആക്രമിച്ച കേസിൽ പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്വദേശി മുഹമ്മദ് ആരിഫ്(28), പൂച്ചിറ സ്വദേശി നിസാർ(30) എന്നിവരെയാണു ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തത്.ഷോപ്പ് അടച്ചു മടങ്ങുന്നതിനിടെ ദേശീയപാത പൂച്ചിറയിൽ വച്ചു കാജാഹുസൈൻ ഓടിച്ച സ്കൂട്ടർ, പ്രതികൾ സഞ്ചരിച്ച ബൈക്ക് ഓവർ ടേക്ക് ചെയ്തെന്ന് ആരോപിച്ചു സ്കൂട്ടർ തടഞ്ഞിട്ടു കമ്പി വടി ഉപയോഗിച്ചു കാജാഹുസൈനെ ആക്രമിക്കുകയായിരുന്നു. ഇയാൾ ഓടി രക്ഷപ്പെട്ടതോടെ സ്കൂട്ടർ തല്ലിപ്പൊളിച്ചു.
തുടർന്നു സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെയാണു പ്രതികളെ പൊലീസ് പിടികൂടിയത്. ഒട്ടേറെ കവർച്ച കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ് ഇരുവരും. ഹേമാംബിക നഗർ ഇൻസ്പെക്ടർ സി.എ. വിപിൻ, എസ്ഐമാരായ ആർ. അനൂപ്, എ. വിജയകുമാർ, പി. ശിവചന്ദ്രൻ. കെ. ഡെന്നി, സിപിഒമാരായ സി.എൻ. ബിജു, പി.എൻ.ഗ്ലോറി, വി. നാസർ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്. സംഭവത്തിനു ശേഷം മലമ്പുഴ കവയിൽ ഉൾവനത്തിൽ താമസിച്ചിരുന്ന പ്രതികളെ സാഹസികമായാണു പൊലീസ് പിടികൂടിയത്