.കഞ്ചിക്കോട് ക്ഷേത്രത്തിനകത്തു കയറി ഭണ്ഡാരത്തിൽനിന്നു പണവും തേങ്ങയും വസ്തുക്കളും മോഷ്ടിച്ച ശേഷം അതേ ക്ഷേത്രത്തിൽ രാവിലെ പ്രാർഥനയ്ക്കെത്തിയ മോഷ്ടാവ് പൊലീസിന്റെ പിടിയിലായി. മരുതറോഡ് മന്നപ്പള്ളം സ്വദേശി സുഭാഷിനെയാണ് (27) കസബ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടിയത്. കഴിഞ്ഞ ദിവസം ദേശീയപാതയോരത്തുള്ള പുതുശ്ശേരി സൂര്യ ചിറ ക്ഷേത്രത്തിലാണു മോഷണം നടന്നത്.
ചുറ്റുമതിൽ ചാടിക്കടന്നെത്തിയ മോഷ്ടാവ് ഭണ്ഡാരത്തിൽനിന്നു പണവും ക്ഷേത്ര പരിസരത്തുനിന്നും തേങ്ങയും മറ്റു വസ്തുക്കളും ചാക്കിലാക്കി കടന്നുകളയുകയായിരുന്നു. മോഷണ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. എന്നാൽ സിസിടിവിയിൽ തന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് അറിയാതെ സുഭാഷ് രാവിലെ പ്രാർഥനയ്ക്കെത്തി. ഒപ്പം വഴിപാടുകളും നടത്തി മടങ്ങി. ഇതിനിടെ ക്ഷേത്രത്തിലെ ജീവനക്കാർ സുഭാഷിനെ തിരിച്ചറിഞ്ഞു പൊലീസിനു വിവരം നൽകി.
തുടർന്നു സിഐ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ പാറ– പൊള്ളാച്ചി റോഡിൽ ഇരട്ടയാൽ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തു.