അമ്പലപ്പാറയിൽ വാഴത്തോട്ടത്തിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ സുഹൃത്ത് മഹേഷും മരണപ്പെട്ടു.
മരണപ്പെട്ട സജീർ എന്ന ഫക്രുവിനെ വെടിയുതിർത്ത ശേഷം ഫ്യൂരിഡാൻ കഴിച്ച് ഗുരുതരാവസ്ഥയിലായ മഹേഷിനെ മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വൈകുന്നേരം ഏഴുമണിയോടെ കൂടെയാണ് മഹേഷ് മരണപ്പെട്ടതായി സ്ഥിരീകരിച്ചത്.
പോലീസിൻ്റെ അന്വേഷണത്തിൽ നിന്നും മരിച്ച സജീറിൻ്റെ സുഹൃത്ത് പുത്തൻവീട്ടിൽ മഹേഷ് (32), താൻ സജീറിനെ വെടിവെച്ചുകൊന്നുവെന്നും പിന്നീട് വിഷം കഴിച്ചിട്ടുണ്ടെന്നും സുഹൃത്ത് സാദിഖിനോട് ഫോണിൽ വിളിച്ച് അറിയിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ സജീർ ഇവിടെ എത്തിയത് എന്തിനെന്ന് വ്യക്തമല്ല. ഇക്കാര്യങ്ങൾ പോലീസ് വ്യക്തമായി അന്വേഷിക്കും.
ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം വെള്ളിയാർ പുഴക്ക് അക്കരെയുള്ള വാഴ തോട്ടത്തിലെ ഷെഡിലാണ് സജീറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി തന്നെ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സജീറിൻ്റെ നാഭിയിലാണ് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു.