ക്വട്ടേഷൻ സംഘമെന്ന് സംശയം! മൂന്ന് യുവാക്കളിൽ നിന്ന് പിടികൂടിയത് കള്ളനോട്ടുകൾ, കഞ്ചാവ്, വടിവാൾ, കഠാര, ഊരുവാൾ, ഇരുമ്പുദണ്ഡ്, എയർഗൺ എന്നിവ : പാലക്കാട്ടെ പല സ്ഥാപനങ്ങളിലും ഇവർ കള്ളനോട്ടുകൾ നൽകി ഇടപാടു നടത്തിയിട്ടുണ്ടെന്നു പൊലീസ്
ആലത്തൂർ: കഞ്ചാവ്, വിവിധ തരം ആയുധങ്ങൾ, കള്ളനോട്ടുകൾ എന്നിവ സഹിതം 3 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പാടൂർ പീച്ചാംകോട് പടിഞ്ഞാറെ വീട് ഷിജിത്ത് (21), അത്തിപ്പൊറ്റ വടക്കുമുറി വിജീഷ് (24), ഷാരൂഖ് ഖാൻ (21) എന്നിവരെയാണു ഡിവൈഎസ്പി കെ.എം.ദേവസ്യ, എസ്ഐ എം.ആർ.അരുൺകുമാർ എന്നിവരും സംഘവും അറസ്റ്റ് ചെയ്തത്.
കൂട്ടുപ്രതികളെന്നു കരുതുന്നവർ വലയിലായാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 6 മാസമായി ഇവരുടെ ഒത്തുചേരലുകളും രാത്രി സഞ്ചാരങ്ങളും നിരീക്ഷിച്ചുവരികയായിരുന്നു. വ്യാജ കറൻസി, ആയുധങ്ങൾ, കഞ്ചാവ് എന്നിവ കൈവശം വച്ചതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പാടൂർ, തെന്നിലാപുരം, വാവുള്ള്യാപുരം, തരൂർ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇവർ വലയിലായത്. 4 പേർ കൂടി സംഘത്തിലുണ്ടെന്നു പൊലീസ് പറഞ്ഞു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. 500 രൂപയുടെ കള്ളനോട്ടുകൾ, അരക്കിലോ കഞ്ചാവ്, വടിവാൾ, കഠാര, ഊരുവാൾ, ഇരുമ്പുദണ്ഡ്, എയർഗൺ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവർ ക്വട്ടേഷൻ സംഘമാണെന്നു പൊലീസ് സംശയിക്കുന്നു. കള്ളനോട്ടിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളിലും ഇവർ കള്ളനോട്ടുകൾ നൽകി ഇടപാടു നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ ഉച്ചവരെ നീണ്ട റെയ്ഡിനൊടുവിൽ വിവിധ സ്ഥലങ്ങളിൽനിന്ന് ഇവരെ പൊലീസ് പിടികൂടിയത്.