കോവിഡ് മൃതദേഹം മതാചാരപ്രകാരം മറവ് ചെയ്യാം:പുതിയ ഉത്തരവ് പുറത്തിറങ്ങി.മുസ്ലിം സംഘടനകളുടെ നീക്കം ഫലംകണ്ടു.
പാലക്കാട്:കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹ സംസ്കരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകൾ ഉയർത്തിയ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് പുതിയ ഉത്തരവ് പുറത്ത് വന്നു.
ആശുപത്രി വാസത്തിനു ശേഷം മരണപ്പെടുന്ന രോഗിയുടെ പ്രോട്ടോകോൾ അനുസരിച്ചുള്ള ശുചീകരണമാണ് ഏറ്റവും പ്രധാനമായി ഉന്നയിച്ചിരുന്ന പ്രശ്നം.മരണപ്പെട്ട അതേ അവസ്ഥയിൽ വിസർജ്യങ്ങൾ പോലും വൃത്തിയാക്കാതെയാണ് പലപ്പോഴും മൃതദേഹങ്ങൾ ആശുപത്രിയിൽ ബോഡി ബാഗിലാക്കുന്നത് എന്ന വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽആശുപത്രി അധികൃതർ ബാഗിലാക്കി തരുന്നത് അതേ പ്രകാരം മറവു ചെയ്യണമെന്ന നിർദേശം മൃതദേഹത്തിൻ്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കണമെന്നും മതാചാരങ്ങൾ മാനിക്കണമെന്നുമുള്ള ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്ക് വിരുദ്ധമാണന്നും അതിനാൽ എത്രയും വേഗം പരിഹാരം കാണണമെന്നും മുസ്ലിം സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.കോവിഡ് പ്രോട്ടോകോൾ പ്രകാരം പിപിഇ കിറ്റ് ധരിച്ച് മതപരമായ രീതിയിൽ ശുചീകരിക്കാൻ ബന്ധുക്കൾക്ക് അനുവാദം ലഭിക്കേണമെന്നതായിരുന്നു പ്രധാന ആവശ്യം. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശത്തിൽ ഇതിന് അനുവാദവും നൽകുന്നുമുണ്ട്. മൃതദേഹം കുളിപ്പിക്കൽ, മുടി വെട്ടി കൊടുക്കൽ, നഖം മുറിക്കൽ എന്നിവ ചെയ്യുമ്പോൾ പിപിഇ കിറ്റ്, ഫെയിസ് ഷീൽഡ്, മാസ്ക് തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശങ്ങളാണ് ലോകാരോഗ്യസംഘടനയുടെഏറ്റവും അവസാനമിറങ്ങിയമാർഗ നിർദേശങ്ങളിലുള്ളൂ. കർണാടക സർക്കാറും കുളിപ്പിക്കാൻ അനുവാദം നൽകിയതായി വാർത്ത വന്നിരുന്ന കാര്യവും സംഘടനകൾ സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.മൃതദേഹ സംസ്കരണം സങ്കീർണമായ സാങ്കേതിക കുരുക്കിലകപ്പെടാനുണ്ടായ സാഹചര്യം വൈകിയാണങ്കിലും വിലയിരുത്തി ഉചിതമായ തീരുമാനമെടുത്തതിൽ സർക്കാറിനെ അഭിനന്ദിക്കുന്നു.സാധാരണയിൽ കൂടുതൽ ആഴത്തിലുള്ള ഖബറുകൾ വേണമെന്ന നിർദ്ദേശം ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്നില്ല.പത്തടി താഴ്ചയിൽ കുഴി എടുക്കണം എന്ന നിർദ്ദേശം ഗവൺമെൻറ് ഔദ്യോഗികമായി പുറപ്പെടുവിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടില്ല.യാതൊരടിസ്ഥാനവുമില്ലാതെ തുടർന്ന് വന്ന അനാവശ്യ കീഴ് വഴക്കം മാത്രമായിരുന്നു ഇത്. ഈ വിഷയത്തിലും പുതിയ ഉത്തരവിൽ പരിഹാരമായിട്ടുണ്ട്.ഈ വിഷയത്തിൽ മുസ്ലിം സംഘടനകളുടെ കോഡിനേഷൻ്റെ ആഭിമുഖ്യത്തിൽ ഒന്നിച്ച് പ്രമേയം പാസാക്കുകയും ഈ രംഗത്തുള്ള വിദഗ്ദരുമായി പലതവണ ചർച്ചകൾ സംഘടിപ്പിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ ശക്തമായ ഇടപെടൽ നടത്തുകയും ചെയ്തിട്ടും പരിഹാരം കാണാതെ വന്നപ്പോൾ മലപ്പുറത്ത് ചേർന്ന മുസ്ലിം കോഡിനേഷൻ സമിതി യോഗം ശക്തമായ അസംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതാണ്.പ്രസ്തുത യോഗത്തിൻ്റെ തീരുമാനപ്രകാരം ബഹു: ഇ.ടി മുഹമ്മദ് ബഷീർ, ഡോ.എം കെ മുനീർ, അഡ്വ.മുഹമ്മദ് ഷാ, എം.സി.മായീൻ ഹാജി എന്നിവർ ആരോഗ്യമന്ത്രിയുമായി നടത്തിയ ആരോഗ്യകരമായ ചർച്ചയാണ് പുതിയ ഓർഡർ ഇറങ്ങുന്നതിൽ കാര്യമായ പങ്ക് വഹിച്ചത്.സമുദായത്തെ ബാധിക്കുന്ന പൊതു പ്രശ്നങ്ങളിൽ ഒന്നിച്ചുള്ള ഇത്തരം നീക്കങ്ങൾ ഭാവിയിലും തുടരണം. എല്ലാ സംഘടനകളും ഇക്കാര്യത്തിൽ ആത്മാർഥമായ ഇടപെടലുകൾ നടത്തിയതും പുതിയ ഓർഡർ പുറത്തിറങ്ങുന്നതിൽ ചടുലതക്ക് കാരണമായിട്ടുണ്ട്.ഈ വിഷയത്തിൻ്റെ തുടക്കം മുതലേ കോഡിനേഷൻ യോഗത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ക്രിയാത്മകമായി ഇടപെടാൻ സാധിച്ചതിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന് പ്രത്യേക സന്തോഷമുണ്ട്.കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കുചേരുന്നതായുംഈ മഹാമാരിയിൽ നിന്ന് ലോകത്തിനു രക്ഷയുണ്ടാകട്ടെ എന്നുംവിസ്‌ഡം നേതൃത്വം പത്രക്കുറിപ്പിൽ പറഞ്ഞു.