കോവിഡ് നിയന്ത്രിത മേഖലായ പഞ്ചായത്തിൽ ബിജെപി പഞ്ചായത്തംഗത്തിന്റെ വിവാഹ മാമാങ്കം. പറളി പഞ്ചായത്ത് ഒന്നാം വാർഡംഗം തേനൂർ ആയറോട്ടിൽ വീട്ടിൽ സന്തോഷിനെതിരെ പൊലീസും സെക്ടറൽ മജിസ്ട്രേറ്റും കേസെടുത്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വാർഡുതല ചുമതലക്കാരൻ തന്നെയാണ് മാനദണ്ഡങ്ങൾ ലംഘിച്ചത്.
വാർഡിലെ കോവിഡ് പ്രതിരോധ സമിതി അധ്യക്ഷന്‍കൂടിയായ സന്തോഷിന്റെ വിവാഹത്തിൽ മുന്നൂറിലേറേ ആളുകളെയാണ് പങ്കെടുപ്പിച്ചത്. സമ്പൂർണ ലോക്ഡൗൺ നിലനിൽക്കുന്ന സ്ഥലത്ത് കോവിഡ് മാനദണ്ഡം കാറ്റിൽപ്പറത്തി ഞായറാഴ്ചയാണ് വിവാഹം നടന്നത്.
മാസ്കോ സാമൂഹ്യ അകലമോ പാലിക്കാതെയായിരുന്നു വിവാഹം. വരനെയും വധുവിനെയും റോഡ്ഷോയായി പന്തലിലേക്ക് ആനയിച്ചതും വിവാദമായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവമറിഞ്ഞ് സെക്ടറൽ മജിസ്ട്രേറ്റ് എം എൻ സുഭാഷും മങ്കര പൊലീസും സ്ഥലത്തെത്തി. ഈ സമയം നാൽപ്പതോളം പേർ വീട്ടിലുണ്ടായിരുന്നു. 450 പേർക്കുള്ള ഭക്ഷണം വീട്ടിൽ കരുതിയതായും കണ്ടെത്തി.
സംഭവം നേരിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മങ്കര പൊലീസ് കേസെടുത്തു. 20 പേരെ ഉൾപ്പെടുത്തി മാത്രമേ വിവാഹം നടത്താവു എന്ന് തലേന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.