നല്ല പ്രകാശം കാണുമെന്ന ഉത്തമ വിശ്വാസത്തിലാണ് തുടർയാത്ര’
പാലക്കാട്: ഡി.സി.സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട ഭിന്നതയെ തുടർന്ന് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥ് പാർട്ടി വിട്ടു. പാർട്ടി വിടുന്നതിന്‍റെ ഭാഗമായി കോൺഗ്രസ് പ്രാഥമിക അംഗത്വം ഗോപിനാഥ് രാജിവെച്ചു. രാവിലെ അനുയായികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ഗോപിനാഥ് രാജി പ്രഖ്യാപിച്ചത്
കോൺഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചതെന്നും 50 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചെന്നും ഗോപിനാഥ് പറഞ്ഞു. മനസിനെ തളർത്തുന്ന സംഭവങ്ങൾ നേതാക്കളിൽ നിന്ന് ഉണ്ടാകുന്നത് കൊണ്ടാണ് രാജിവെക്കുന്നത്. പാർട്ടിയുടെ മുന്നോട്ടു പോക്കിന് താൻ തടസമാകുമോ എന്ന ഭീതിയാണ് രാജിക്ക് കാരണം. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ് പറയുന്നുവെന്നും എ.വി ഗോപിനാഥ് വ്യക്തമാക്കി.
കോൺഗ്രസിനെ ഹൃദയത്തിൽ നിന്നിറക്കാൻ സമയമെടുക്കും. തന്‍റെ തീരുമാനത്തിൽ പാർട്ടിക്കാരും അല്ലാത്തവരുമായവർ എതിർപ്പ് പ്രകടിപ്പിക്കാം. അവരോട് ക്ഷമ പറയുന്നു. ഹൃദയത്തിൽ ഈശ്വരനായി പ്രതിഷ്ഠിച്ച ലീഡർ കെ. കരുണാകരൻ അടക്കം തന്‍റെ രാഷ്ട്രീയ പ്രവർത്തനത്തിൽ സഹായിച്ച എല്ലാ നേതാക്കളോടും പ്രവർത്തകരോടും മറ്റുള്ളവരോടും നന്ദി പറയുന്നു.
നാളെ നല്ലത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നല്ല പ്രകാശം മുന്നിൽ കാണുമെന്ന ഉത്തമ വിശ്വാസത്തിലാണ് തുടർയാത്ര ആരംഭിക്കുന്നത്. ഒരു കോൺഗ്രസ് പ്രവർത്തകനോടും പാർട്ടി വിടാൻ താൻ പറയില്ല. നാളെ എന്താവും എന്നത് അപ്പോൾ എടുക്കുന്ന നയനിലപാടിന് അനുസരിച്ചായിരിക്കും. ഇപ്പോൾ ഒരു പാർട്ടിയിലേക്കും പോകുന്നില്ലെ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഒരു സ്ഥാനവും ആവശ്യമില്ല, സ്വീകരിക്കില്ല. സമർദ്ദ തന്ത്രമല്ല ഈ രാജി. പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് ഞങ്ങൾ അഞ്ച് കൊല്ലവും ഭരിക്കും. ഭരണഘടനക്ക് വിരുദ്ധമല്ലാത്തിടത്തോളം പഞ്ചായത്ത് ഭരണം വിടില്ല. താനടക്കം 11 പഞ്ചായത്തംഗങ്ങളും ഒറ്റക്കെട്ട് ആണെന്നും എ.വി. ഗോപിനാഥ് വ്യക്തമാക്കി.
മുൻ ആലത്തൂർ എം.എൽ.എയായ ഗോപിനാഥ് പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. മുൻ ഡി.സി.സി അധ്യക്ഷൻ കൂടിയായിരുന്ന അദ്ദേഹം, നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വവുമായി പരസ്യമായി ഇടഞ്ഞിരുന്നു.










