നെന്മാറ: കുടുംബശ്രീ വായ്പ തട്ടിപ്പ് നടത്തിയ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. നെന്മാറ മാട്ടുപ്പാറ മുൻ ബ്രാഞ്ച് സെക്രട്ടറി വി.അനിൽകുമാറിനെയും ഇദ്ദേഹത്തിന്റെ ഫാം നോക്കിയിരുന്ന കുമാറിനെയുമാണ് നെന്മാറ പോലീസ് അറസ്റ്റുചെയ്തത്.
രണ്ടുദിവസം മുന്പാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ അറസ്റ്റുചെയ്തത്. ഇതേ സംഭവത്തിൽ ഒക്ടോബർ ആറിന് ഗ്രാമപഞ്ചായത്ത് കുടുബശ്രീ ചെയർപേഴ്സണ് റീനാ സുബ്രഹ്മണ്യനെ അറസ്റ്റുചെയ്തിരുന്നു. 2017 ലാണ് വക്കാവിലെ 20 കുടുംബശ്രീ യൂണിറ്റുകൾക്ക് കനറാ ബാങ്ക് ശാഖ മുഖേന 83 ലക്ഷം രൂപ വായ്പ നല്കിയത്.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ 63 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തി.
ഇതേ തുടർന്ന് കുടുംബശ്രീ ചെയർപേഴ്സൻ റീന സുബ്രഹ്മണ്യനെ അറസ്റ്റുചെയ്തതോടെ അനിൽകുമാറും, കുമാറും ഒളിവിൽ പോകുകയായിരുന്നു. ചെയർപേഴ്സന് ജാമ്യം ലഭിച്ചതോടെ ചൊവഴ്ച്ച ഇരുവരും പോലീസ് പിടിയിലാകുകയായിന്നു. ചോദ്യംചെയ്യലിൽ കുടുംബശ്രീ യൂണിറ്റിൽ നിന്ന് പണം വാങ്ങിയതായി അനിൽകുമാർ സമ്മതിച്ചതായി പോലീസ് പറഞ്ഞു