ഗാന്ധിയൻ കളക്ടീവ് ദേശീയ സത്യാഗ്രഹം സമാപനം പ്ലാച്ചിമടയിൽ ഒക്ടോബർ 2 ന്
പാലക്കാട്: “ഗാന്ധിജിയുടെ ഇന്ത്യ ദരിദ്രനെ മറക്കാത്ത രാഷ്ട്രീയം അവശ്യപ്പെടുന്നു” എന്ന മുദ്രാവാക്യമുയർത്തി ഗാന്ധിയൻ കളക്ടീവ് പരിസ്ഥിതി ദിനമായ ജൂൺ 5 ന് ബീഹാറിലെ ചമ്പാരനിൽ തുടക്കം കുറിച്ച ദേശീയ റിലേ ഉപവാസ സത്യാഗ്രഹത്തിന്റെ സമാപനം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ നടക്കും.
കൃഷിക്കാരെയും തൊഴിലാളികളെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്ന ആവശ്യമാണ് സത്യാഗ്രഹം മുന്നോട്ടുവച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഗാന്ധിജി ഇന്ത്യയിൽ ആദ്യം നടത്തിയ സത്യാഗ്രഹം 1917- ൽ ചമ്പാരനിലെ നീലം കർഷകർക്കു വേണ്ടിയായിരുന്നു. ഒരു നൂറ്റാണ്ടിനു ശേഷം അതേ ചമ്പാരനിലെ സമരഭൂമിയിൽ നിന്നാരംഭിച്ച ഇപ്പോഴത്തെ സത്യാഗ്രഹത്തിന്റെ ദേശീയ തലത്തിലുള്ള സമാപന സ്ഥലമായി പ്ലാച്ചിമടയെ തിരഞ്ഞെടുത്തത്, സമൂഹത്തിലെ ഏറ്റവും ദുർബ്ബലരായ ആദിവാസികളും, കർഷകരും പ്രത്യേകിച്ച് സ്ത്രീകളും ഉയർത്തിയ അഹിംസാത്മകമായ ചെറുത്തുനിൽപ്പ് വഴി ലോകത്തിലെ ഏറ്റവും പ്രബലരായ കോർപ്പറേറ്റ് സ്ഥാപനമായ കൊക്ക കോളായെ മുട്ടുകുത്തിച്ച സ്ഥലമെന്ന നിലക്കാണ്.
ദേശീയ തലത്തിൽ കഴിഞ്ഞ നാലു മാസമായി നടന്നു വരുന്ന സത്യാഗ്രഹത്തിന്റെ അടുത്ത ഘട്ടമായി കാർഷിക മേഖലയുടെ പ്രശ്നങ്ങളിലിടപ്പെട്ടുകൊണ്ടുള്ള ദീർഘകാല പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ഗാന്ധിയൻ കളക്ടീവ്. ഓരോ സംസ്ഥാനത്തെയും കാർഷിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാവും പ്രവർത്തന പരിപാടികൾ തീരുമാനിക്കുക. കേരളത്തിൽ കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കുന്നതിന് നയപരമായും ഘടനാപരമായും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു കൊണ്ടുള്ള പ്രചരണ – സമര പരിപാടികളും, ഭക്ഷണ – ആരോഗ്യ കാര്യങ്ങളിലെ സ്വാശ്രയത്വം ലക്ഷ്യമിട്ടുള്ള ഭക്ഷ്യ – ആരോഗ്യ സ്വരാജ് കാമ്പയിനുമാണ് അടുത്ത ഘട്ടം പ്രവർത്തനമായി ഗാന്ധിയൻ കളക്ടീവ് തീരുമാനിച്ചിട്ടുള്ളത്.
അതിന്റെ ഭാഗമായി പ്രാദേശിക കർഷക കൂട്ടായ്മകൾക്ക് രൂപം കൊടുക്കുന്ന പ്രവർത്തനത്തിന്റെ തുടക്കവും സത്യാഗ്രഹ സമാപനത്തോടനുബന്ധിച്ച് പ്ലാച്ചിമടയിൽ നടക്കും. കൂടാതെ ഒക്ടോബർ 2 മുതൽ ലോക് നായക് ജെ.പി. ജയന്തി ദിനമായ ഒക്ടോബർ 11 വരെയുള്ള 10 ദിവസം, “രാഷ്ട്രീയ ഗാന്ധിയെ വീണ്ടെടുക്കുക” എന്ന ആശയം മുൻനിർത്തി നടത്തുന്ന വിവിധ വിഷയങ്ങളെപ്പറ്റിയുള്ള 10 വെബിനാറുകളുടെ തുടക്കവും പ്ലാച്ചിമടയിൽ നടക്കും.
ഒക്ടോബർ 2 ന് രാവിലെ 9 മണിക്ക് സമാപന പരിപാടികൾ ആരംഭിക്കുന്ന പ്ലാച്ചിമട കോളാ വിരുദ്ധ സമരപന്തലിൽ തലേ ദിവസം വൈകിട്ടു 5 മണി മുതൽ 24 മണിക്കൂർ ഉപവാസമനുഷ്ഠിക്കുന്നത് ഗാന്ധിയൻ കളക്ടീവ് കേരള സംസ്ഥാന കൺവീനർ അഡ്വ.ജോർജുകുട്ടി കടപ്ലാക്കൽ ആണ്.
കോളവിരുദ്ധ സമരസമിതി പ്രവർത്തകൻ പ്ലാച്ചിമട കണ്ണദാസ് ഐക്യദാർഡ്യ ഉപവാസം അനുഷ്ഠിക്കും. സത്യാഗ്രഹ സമാപന സമയമായ വൈകിട്ട് 5 മണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി മുൻ ചെയർമാനും കവിയുമായ സച്ചിതാനന്ദൻ ഓൺലൈനായി പ്രഭാഷണം നടത്തും. ദേശീയ സത്യാഗ്രഹ സമാപനത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഗമങ്ങളും കൂട്ട ഉപവാസ പരിപാടികളും നടക്കുന്നുണ്ടു്. ഇരുപത്താറു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കഴിഞ്ഞ നാലു മാസമായി നടക്കുന്ന റിലേ സത്യാഗ്രഹത്തിൽ പങ്കാളികളായി. അവരിൽ സന്ദീപ് പാണ്ഡെ, പി.വി.രാജഗോപാൽ, ദയാബായി, ഡോ.രാജേന്ദ്ര സിംഗ്, അമർനാഥ് ഭായി, രാധാ ബെൻ ഭട്ട് തുടങ്ങിയ പ്രമുഖരും ഉൾപ്പെടും.
ദേശീയ തലത്തിലുള്ള തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പി.വി.രാജഗോപാൽ ചെയർമാനും സഞ്ജയ് സിൻഹ, പ്രസൂൻ ലാറ്റനന്റ്, സിബി കെ ജോസഫ് അനീഷ് തില്ലങ്കേരി തുടങ്ങിയവർ കൺവീനർമാരുമായി ദേശീയ പ്രവർത്തക സമിതിയും രൂപം കൊണ്ടിട്ടുണ്ടു്.