അംബേദ്ക്കർ കോളനിവാസികളുടെ സമരത്തെ ഭവന പ്രശ്നമാക്കിയൊതുക്കാൻ അനുവദിക്കില്ല:ഫ്രറ്റേണിറ്റി മൂവ്മെന്റ്
പാലക്കാട്:ഭൂ അവകാശത്തിന് വേണ്ടി മുതലമട പഞ്ചായത്ത് ഓഫീസിന് മുന്നിൽ 54 ദിവസമായി അനിശ്ചതകാല സത്യഗ്രഹമിരിക്കുന്ന ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ ചക്ലിയ സമുദായാംഗങ്ങളുടെ സമര പന്തൽ സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കലിന്റെ നേതൃത്വത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘം ശനിയാഴ്ച സന്ദർശിച്ചു. പതിറ്റാണ്ടുകളായി കേരളത്തിലെ ദലിത് – ആദിവാസി വിഭാഗങ്ങളോട് ഭരണകൂടങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന വഞ്ചന തന്നെയാണ് അംബേദ്ക്കർ കോളനിവാസികളോടും ചെയ്യുന്നതെന്ന് മഹേഷ് തോന്നക്കൽ പറഞ്ഞു.ഭൂമിയെന്ന ചക്ലിയ വിഭാഗങ്ങളുടെ ഏറ്റവും മൗലികമായ അവകാശം നേടിയെടുക്കാനായി എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.2014 മുതൽ ചക്ലിയ വിഭാഗങ്ങൾക്ക് ഭൂമി അനുവദിച്ചു നൽകാൻ ഭരണാനുമതി ഉണ്ടായിട്ടും അത് അട്ടിമറിക്കുന്ന മുതലമട പഞ്ചായത്ത് ഭരണ സമിതിയുടെയും ഉദ്യോഗസ്ഥ ലോബിയുടെയും ഇടപെടലുകൾ ശക്തമായ പോരാട്ടത്തിലൂടെ തടയുമെന്നും അദ്ദേഹം കൂട്ടിചേർത്തു.ഭൂമിക്കു വേണ്ടി സമരം ചെയ്യുന്ന ജനതയെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രശ്നത്തെ കേവലം ഭവന പ്രശ്നമാക്കി ഒതുക്കാൻ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
സമര ഐക്യദാർഢ്യ സമിതി കൺവീനർ സലീന പ്രക്കാനം,സമര സമിതി ചെയർമാൻ നീലിപ്പാറ മാരിയപ്പൻ,സമര സമിതി കൺവീനർ ശിവരാജൻ,വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഹനീഫ പോത്തംപാടം,ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ,അഫ്സൽ പാലക്കാട് എന്നിവർ സംസാരിച്ചു.
Photo:ഭൂ അവകാശത്തിന് വേണ്ടി രണ്ട് മാസത്തോളമായി മുതലമട പഞ്ചായത്ത് ഓഫീസിന് മുന്നിൽ അനിശ്ചിത കാല സത്യഗ്രഹമിരിക്കുന്ന ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ ചക്ലിയ സമുദായാംഗങ്ങളുടെ സമരത്തെ ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസി.മഹേഷ് തോന്നക്കൽ അഭിസംബോധന ചെയ്യുന്നു.