കാഞ്ഞിരപ്പുഴ ഇടത് കനാൽ: ജലവിഭവ വകുപ്പ് മന്ത്രിയുടെ നിർദേശവും നടന്നില്ല.
തച്ചമ്പാറ: കാഞ്ഞിരപ്പുഴ ഇടതുകനാലിൽ താൽക്കാലിക സംവിധാനമൊരുക്കി വെള്ളിയാഴ്ച വെള്ളം തുറന്നു വിടണമെന്ന ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിർദേശം നടപ്പായില്ല. ഞായറാഴ്ചയോ തിങ്കളാഴ്ചയോ താൽക്കാലികമായി വെള്ളം തുറന്നു വിടാൻ കഴിയുമോയെന്ന് നോക്കുകയാണെന്ന് ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വെള്ളം തുറന്നു വിടുന്ന കാര്യത്തിൽ ഉറപ്പു പറയാനാവില്ലെന്നും അധികൃതർ പറയുന്നു. തുലാമഴ കിട്ടാതെ വന്നതോടെ ഉണക്ക് ഭീഷണി നേരിടുന്ന നെൽകർഷകരുടെ ആവശ്യത്തെത്തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച കാഞ്ഞിരപ്പുഴ ഇടതു കനാൽ തുറന്നത്. എന്നാൽ അറ്റകുറ്റപ്പണികൾ പൂർത്തിയായില്ലെന്നു പറഞ്ഞു തുറന്നുവിട്ട ഉടനെ തന്നെ കനാൽ അടക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് ചൊവ്വാഴ്ച വീണ്ടും തുറന്നെങ്കിലും അപ്പോൾ തന്നെ വീണ്ടും അടക്കുകയും ചെയ്തു. തുറക്കലും അടക്കലും വിവാദമായതിനെത്തുടർന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യാഴാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.കനാലിലെ നെല്ലിക്കുന്ന്, പൊന്നംകോട് ഭാഗത്തെ ചോർച്ചകൾ അടക്കാൻ കഴിയാത്തതിനാലാണ് വീണ്ടും വെള്ളം നിർത്തേണ്ടി വന്നത്. ചോർച്ചയുള്ള ഭാഗങ്ങളിൽ ടാർപായ വിരിച്ച് ചാക്കിൽ മണ്ണ് നിറച്ച് വെച്ചാണ് താൽക്കാലികമായി വെള്ളം വിട്ടത്. എന്നാൽ വെള്ളം വന്നതോടെ ചാക്കുകൾ നീങ്ങുകയും ചോർച്ച തുടങ്ങുകയും ചെയ്തിരുന്നു. ചോർച്ച രൂക്ഷമായാൽ കനാൽ ബണ്ട് പൊട്ടൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് മുഴുവൻ പണിയും കഴിഞ്ഞാൽ മാത്രമാണ് വെള്ളം വിടാൻ കഴിയൂവെന്ന നിലപാടിലാണ് അധികൃതർ. മണ്ണാർക്കാട് താലൂക്കിന് പുറമേ ഒറ്റപ്പാലം താലൂക്കിലെയും ആയിരക്കണക്കിന് ഹെക്ടർ നെൽകൃഷിയാണ് വെള്ളം കിട്ടാത്തതിനാൽ ഉണക്ക് ഭീഷണി നേരിടുന്നത്. ഒരാഴ്ചക്കുള്ളിൽ വെള്ളം തുറന്നു വിട്ടില്ലെങ്കിൽ തച്ചമ്പാറ പഞ്ചായത്തിലെ ഉണക്ക ഭീഷണി നേരിടുന്ന നെൽകർഷകർ കാഞ്ഞിരപ്പുഴ ഇറിഗേഷൻ ഓഫീസിലേക്ക് മാർച്ച് നടത്താനുള്ള ശ്രമത്തിലാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് കർഷകർ ബലിയാടാക്കുകയാണെന്ന് തച്ചമ്പാറ വികസന വേദി ആരോപിച്ചു. വീണ്ടും മന്ത്രി കെ കൃഷ്ണൻ കുട്ടിക്ക് പരാതി നൽകുകയും പരിഹാരമില്ലെങ്കിൽ സമരപരിപാടികൾ നടത്തുകയും ചെയ്യും.