ബജറ്റിലെ പ്രഖ്യാപനം തളളിലൊതുങ്ങി; കപ്പൂരിലെ ചിറക്കുളം
നശിക്കുന്നു
വീരാവുണ്ണി മുളളത്ത്
പട്ടാമ്പി: തൃത്താല മണ്ഡലം കപ്പൂർ പഞ്ചായത്ത് വാർഡ് 6 പളളങ്ങാട്ടുചിറയിലാണ് ഈ ദുരവസ്ഥ. പേരിനെ അന്വർത്ഥമാക്കും വിധം ഈ കുളത്തിന്റെ പേരിൽ ആണ് ഈ സ്ഥലം അറിയപ്പെടുന്നത്.
പളളങ്ങാട്ടുചിറയിലെ, ചിറ കുളം വര്‍ഷങ്ങളായി ഈ നാടിന്റെ പ്രധാന ജല സ്രോതസ്സ് ആണ്. സമീപവാസികൾ ആയ കപ്പൂർ പഞ്ചായത്തിലെയും, ചാലിശ്ശേരി പഞ്ചായത്തിലെയും നിരവധി ജനങ്ങൾ പ്രാഥമിക ആവശ്യങ്ങൾക്കും, നിരവധി കാർഷിക ആവശ്യങ്ങൾക്കും ഏതു വേനലിലും ഉപയോഗിച്ചിരുന്ന ഈ കുളം, മലപ്പുറം തൃശൂർ ജില്ലകളുടെ അതൃത്തിപ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാൽ തന്നെ മറ്റു ജില്ലക്കാരായവരും ഉപയോഗിച്ചിരുന്നു എന്നുള്ളത് ഈ കുളത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
കൃഷി സ്ഥലങ്ങൾ മാറി അവിടം ജനവാസമേഖലയായെങ്കിലും ഇന്നും സമീപവാസികൾ നിത്യോപയോഗങ്ങൾക്കും ഉപയോഗിച്ച് പോരുന്നുണ്ട്. എന്നാൽ കഴിഞ്ഞ കുറെ കാലങ്ങൾ ആയി വേണ്ടവിധം സംരക്ഷിക്കപ്പെടാത്തതിനാൽ കുളം നാശത്തിന്റെ വക്കിൽ ആണ്. ചളിയും കാടും മറ്റു കച്ചറകൾ എല്ലാം നിറഞ്ഞു ഉപയോഗ്യശൂന്യമായി കൊണ്ടിരിക്കുന്നു.
കഴിഞ്ഞ 5 വർഷക്കാലമായി കുളത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് പരിസരവാസികൾ പല പ്രതിഷേധങ്ങളുമായി രംഗത്തുണ്ട്. പഞ്ചായത്ത് മുതൽ, ജില്ലാ പഞ്ചായത്ത് വരെ ഉള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു മടങ്ങിയതല്ലാതെ പുരോഗതി ഒന്നും ഉണ്ടായില്ല. കഴിഞ്ഞ നിയമസഭാ ഇലക്ഷന് സമയത് പ്രതിഷേധം ശക്തമായപ്പോൾ സ്ഥാനാർഥി ആയിരുന്ന എം ബി രാജേഷ് കുളം സന്ദർശിക്കുകയും, കുളത്തിലിറങ്ങി ജലദിന സന്ദേശം നൽകുകയും ഒക്കെ ചെയ്തിരുന്നു. കഴിഞ്ഞ 2 വര്ഷക്കാലവും സംസ്ഥാന ബഡ്ജറ്റിൽ 2 കോടി, 84 ലക്ഷം എന്നിങ്ങനെ മാറി മാറി പ്രഖ്യാപനം ഉണ്ടായെങ്കിലും കാര്യമായ പുരഗതി ഇപ്പോഴും ഇല്ല. നീർത്തട സംരക്ഷണം എന്ന പേരിൽ സർക്കാർ കോടികൾ മുടക്കുമ്പോൾ, കേരളത്തിൽ കുടിവെള്ള പ്രശ്നം ഏറ്റവും രൂക്ഷമായ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ആണ് ഈ ദുരവസ്ഥ എന്നത് പിടിപ്പുകേടിന്റെ നേർകാഴ്ച ആവുന്നു.
കുളത്തിന്റെ നവീകരണം വെറും പ്രഖ്യാപനങ്ങൾ മാത്രം ആയി മാറാതിരിക്കാൻ ജനങ്ങൾ ഇപ്പോഴും പലവിധ പ്രതിഷേധങ്ങളുമായി രംഗത്തുണ്ട്. എങ്കിലും നീണ്ടു പോകുന്ന നവീകരണം, മണ്ണിടിച്ചിലും കുത്തിയൊലിച്ചെത്തുന്ന മണ്ണും ചളിയും കുളത്തിന്റെ ശേഷിപ്പിനു തന്നെ ഭീഷണി ആകുമ്പോൾ, പരിസരവാസികൾ പ്രധിഷേധങ്ങള്ക്ക് കൂടുതൽ വഴി തേടുകയാണ്.