കേന്ദ്ര സർക്കാർ ബജറ്റിനേക്കാൾ ഭാരമുള്ളതാണ് കേരള ബജറ്റ്
- _ അസീസീസ് മാസ്റ്റർ –
സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുകയും അസാധാരണമാംവിധം പെരുമാറുകയും ചെയ്യുന്ന സർക്കാറായി മാറിയിരിക്കുകയാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുമന്ത്രിസഭ. ചരിത്രത്തിലില്ലാത്തവിധം തുടർഭരണം നൽകിയ ജനങ്ങൾക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ വക നൽകിയത് നികുതിഭാരം കൊണ്ടുള്ള ഇരുട്ടടി തന്നെയാണ്. നികുതി വർധിപ്പിക്കുക എന്ന ലക്ഷ്യത്തിനായി, തൊഴിലാളി വർഗപ്രസ്ഥാനമെന്ന് പേരും പെരുമയുള്ള സർക്കാർ നടപ്പാക്കിയ പദ്ധതികൾക്ക് മുൻപിൽ സാധാരണക്കാരും പാർട്ടിക്ക് വേണ്ടി കൊടിയും പോസ്റ്ററും ചുമലിലേറ്റി വെയിലുകൊണ്ടവർ പോലും മൂക്കത്ത് വിരൽവെക്കുന്ന തരത്തിലായി പോയി. കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റിനേക്കാൾ മോശവും ഭാരവുമുള്ള ബജറ്റായി. കേരളത്തെ പൂർണ്ണമായും കയ്യൊഴിഞ്ഞ കേന്ദ്രസർക്കാർ എന്ന വിമർശനമാണെങ്കിൽ, കോവിഡുകാലത്ത് നിന്നും പതിയെ മോചിതരായി വരുന്ന, തൊഴിൽക്ഷാമം കൊണ്ട് പൊറുതി മുട്ടുന്ന നാട്ടിലെ പാവപ്പെട്ടവരുടെമേൽ ഇത്രത്തോളം കഠിനഭാരം അടിച്ചേൽപ്പിച്ച ബജറ്റെന്ന വിമർശനമാണ് സംസ്ഥാന സർക്കാർ നേരിടുന്നത്. സമീപകാലത്തൊന്നും സംസ്ഥാനം കേൾക്കുകയോ, അനുഭവിക്കുകയോ ചെയ്യാത്ത വിധമാണ്, എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറി, കോവിഡുകാലത്ത് ജനക്ഷേമ താത്പര്യത്തിലൂടെ തുടർന്ന ഇടതുപക്ഷ സർക്കാർ ഇപ്പോൾ പെരുമാറുന്ന രീതിയെന്ന് പറഞ്ഞാൽ, രാഷ്ട്രീയാന്ധതതയിൽ പറയുന്നതായി ആരും തന്നെ കുറ്റപ്പെടുത്തില്ല. അത്രയ്ക്കും ഗതികെട്ട ജനതയാക്കി മാറ്റിയിരിക്കുകയാണ് തുടർഭരണം. സാധാരണക്കാരുടെ ജീവിതം നിലവാരമുണ്ടാക്കാൻ കമ്യൂണിസ്റ്റ് ആശയമുള്ള സർക്കാറിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് കരുതിയവർക്കെല്ലാം ഇന്നലെ അവതരിപ്പിച്ച ബജറ്റിന് മുന്നിൽ ഉത്തരം മുട്ടിയിരിക്കുകയാണ്. അളമുട്ടിയാൽ ചേരയും കടിക്കും എന്നോ, അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ് എന്നോയുള്ള പഴഞ്ചൊക്കെ ഈ ബജറ്റിന് ചേരുമെന്ന് പറഞ്ഞാൽ അതിശയോക്തിയുമില്ല. കേന്ദ്ര സർക്കാർ കടമെടുപ്പുതുക വെട്ടിക്കുറച്ചതു മൂലമുള്ള വരുമാനനഷ്ടം നികത്താനാണു നികുതി വർധിപ്പിച്ചതെന്നാണു ധനമന്ത്രിയുടെ ന്യായീകരണമെങ്കിലും അടുത്ത ബജറ്റിനുമുൻപു തിരഞ്ഞെടുപ്പ് ഇല്ലാത്തതുകൊണ്ട്, തിരിച്ചടി പേടിക്കാതെയാണു നികുതിവർധനയെന്ന് സാധാരണക്കാർ മനസ്സിലാക്കിയിരിക്കുന്നു. മിൽമ പാലിന്റെയും വൈദ്യുതിയുടെയും വെള്ളത്തിന്റെയുമൊക്കെ വിലവർധനയുടെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ നികുതിഭാരം ചുമത്തിയതിലുള്ള വിലക്കയറ്റംകൂടി ചേരുമ്പോൾ കേരളത്തിന്റെ സാമ്പത്തിക അവസ്ഥ അമ്പേ കഷ്ടത്തിലാവുക തന്നെ ചെയ്യും. കേരളത്തിൽ വില കൂടുതലായതിനാൽ കെഎസ്ആർടിസി ബസുകൾ കർണാടകയിൽനിന്നു ഡീസൽ നിറയ്ക്കാൻ നിർദേശിച്ച സംസ്ഥാനത്താണ് ഇന്ധനത്തിനു സാമൂഹിക സുരക്ഷാ സെസ് കൂടി ഏർപ്പെടുത്തിയത്. ഇന്ധനവിലയിലെ കയറ്റം ചരക്കുനീക്കത്തിന്റെ ചെലവു കൂട്ടുമെന്നതിനാൽ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ സർവവസ്തുക്കളുടെയും വിലക്കയറ്റമാണു ഫലം. ക്ഷേമപെൻഷനുകളിൽ 100 രൂപയുടെ വർധനപോലും വരുത്തിയില്ലെന്നതും നിർഭാഗ്യകരം തന്നെ. ജനവിരുദ്ധതയുടെ എല്ലാ അതിരും ലംഘിച്ച ബജറ്റെന്ന ചീത്തപ്പേരിലാണ്, ഈ വർഷത്തെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായിരിക്കുന്നത്. വാണിജ്യ, വ്യവസായ യൂണിറ്റുകളുടെ വൈദ്യുതി ചാർജ് കൂട്ടിയത് ആ മേഖലയ്ക്കും വലിയ ആഘാതമാവും. കോടതിയിൽ വ്യവഹാരം നടത്തുന്നവരെപ്പോലും ബജറ്റ് വെറുതേവിടുന്നില്ല. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി വകയിരുത്തിയ 50 കോടി രൂപ, മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗം പ്രചരിപ്പിക്കുന്നതിനായി 10 കോടി, വയോജന ക്ഷേമം ലക്ഷ്യമിട്ടുള്ള സായംപ്രഭ, വയോമിത്രം പദ്ധതികൾക്കായി തുക, നേത്രാരോഗ്യത്തിനുള്ള പദ്ധതിയിലും സർക്കാർ ഓഫിസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്ന പദ്ധതി എന്നിവ അതേ സമയം ആശ്വസിക്കാനുള്ള വകയുമുണ്ട്. ലോക കാൻസർ ദിനത്തിന്റെ തലേന്ന് അവതരിപ്പിച്ച ബജറ്റിൽ സംസ്ഥാനത്തെ കാൻസർ ചികിത്സാസൗകര്യങ്ങളുടെ വികസനത്തിനായി പ്രത്യേകം ശ്രദ്ധ കാണിച്ചതും അഭിനന്ദനം അർഹിക്കുന്നത് തന്നെ. വിലക്കയറ്റത്തിനെതിരേ ഇടപെടലുകൾ തുടരുന്നതിനായി 2023-24ലേക്ക് 2000 കോടി രൂപ വകയിരുത്തുന്നുവെന്ന ബജറ്റ് തീർത്തും അപഹാസ്യവും ജനങ്ങളെ കഴുതകളാക്കുന്ന പ്രഖ്യാപനവുമാണ്. കാരണം, സർവത്ര വിലക്കയറ്റത്തിനു വാതിൽ തുറന്നിട്ട ഒരു ബജറ്റാണ് ഇതെന്നത് തന്നെ. ഒരു ഭാഗത്ത് യുവജന കമ്മീഷൻ ചെയർപേഴ്‌സണായ ചിന്തക്ക് മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ചും മുതിർന്ന കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കെ വി തോമസ് പാർട്ടിയുമായി അടുപ്പം പുലർത്തിയതിന്റെ നന്ദിയായി, ദൽഹിയിൽ സംസ്ഥാന സർക്കാറിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ കാബിനറ്റ് റാങ്കോടെ പ്രത്യേക പദവി നൽകിയും സർക്കാർ ഉത്തരവിറക്കിയതിലൂടെ ഖജനാവിന് വരുന്ന ഭാരത്തിന് പരിഹാരമായി, അഷ്ടിക്ക് വക കണ്ടെത്താൻ രാപ്പകൽ അധ്വാനിക്കുന്ന പൊതുജനങ്ങളുടെ മേൽ നികുതിഭാരം ചുമത്തുന്ന രണ്ടാം പിണറായി സർക്കാറിന്റെ ബജറ്റ് ജനങ്ങളും പാർട്ടി ബന്ധുക്കളും അംഗീകരിക്കാൻ മാത്രം വിവരമില്ലാത്തവരല്ലെന്ന് കൂടി ഈ സന്ദർഭത്തിൽ പറയേണ്ടി വരും. വിലവർധനയിലൂടെയും നികുതിഭാരത്തിലൂടെയും, ജനത്തിന്റെ കീശയിൽ കയ്യിട്ടു നടത്തുന്ന അധിക വിഭവസമാഹരണത്തിന് പകരം മുകളിൽ സൂചിപ്പിച്ചത് പോലുള്ള പ്രീണന നിയമന ശമ്പളം പോലുള്ള സർക്കാർവിലാസം ധൂർത്ത് കുറയ്ക്കാനാണ് ധനമന്ത്രിയും സർക്കാറും ശ്രമിച്ചിരുന്നതെങ്കിൽ ഈ ബജറ്റ് കുറച്ചെങ്കിലും നീതി പുലർത്തിയേനെ. ഇതിപ്പോൾ കുടൽ കാഞ്ഞാൽ കുതിരവയ്‌ക്കോലും തിന്നും എന്ന് പറഞ്ഞ പോലെ, ഇടതുപക്ഷവും വലതുപക്ഷവും മാറി മാറി ഭരിച്ച കേരളം ഒരു പരീക്ഷണം എന്ന നിലക്ക് തുടർഭരണം നൽകി നട്ടെല്ല് ഒടിഞ്ഞ അവസ്ഥയിൽ, ദേശീയ രാഷ്ട്രീയ പാർട്ടിയായ എൻ ഡി എ മുന്നണി അഥവാ ദേശീയ ജനാധിപത്യ സഖ്യത്തിന് അവസരം കൊടുത്താലും കുറ്റം പറയാനൊക്കില്ല. ബജറ്റിലെ വീഴ്ചകൾ തിരുത്തി, ജനക്ഷേമ താത്പര്യത്തിന് മുൻതൂക്കം കൊടുത്ത് പിണറായി സർക്കാർ തങ്ങളുടെ മേലുള്ള കറകൾക്ക് അറുതി വരുത്തണമെന്നാണ് വായനക്കാർക്ക് വേണ്ടി സായാഹ്നം ആവശ്യപ്പെടുന്നത്. എല്ലാവർക്കും നന്മകൾ നേരുന്നു. ജയ്ഹിന്ദ്.