ബി.ഇ.എം. സ്കൂളിനു മുമ്പിലെ കാൽനടമേൽപ്പാലനിർമാണം അവസാനഘട്ടത്തിൽ
പാലക്കാട്: നഗരത്തിലെ ഗതാഗതത്തിരക്ക് പേടിക്കാതെ റോഡ് മുറിച്ചുകടക്കുന്നതിനായി പാലക്കാട് നഗരസഭ നിർമിക്കുന്ന നാല് കാൽനടമേൽപ്പാലങ്ങളിൽ രണ്ടാമത്തേത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. 15 ദിവസത്തിനുള്ളിൽ തുറന്നുകൊടുക്കുമെന്ന് നഗരസഭാധികൃതർ പറഞ്ഞു.
പ്രധാനമായും വിദ്യാർഥികളുടെ പ്രശ്‌നം പരിഹരിക്കാനാണ് പാലങ്ങളുടെ നിർമാണം. ബി.ഇ.എം സ്‌കൂളിന്റെ മുമ്പിലാണ് രണ്ടാമത്തെ മേൽപ്പാലം നിർമിക്കുന്നത്. ബി.ഇ.എം. സ്‌കൂളിൽനിന്ന് തുടങ്ങി ഡോ. കൃഷ്ണൻ മെമ്മോറിയൽ പാർക്കിന് സമീപത്ത് അവസാനിക്കും വിധമാണ് മേല്പാലം. കഞ്ചിക്കോട്ടുളള ഫാക്ടറിയിൽ പാലത്തിന്റെ ഭാഗങ്ങൾ നിർമിച്ചശേഷം കൊണ്ടുവന്നു സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
ആദ്യത്തെ മേൽപ്പാലം വിക്ടോറിയ കോളേജിനു മുമ്പിലായിരുന്നു. ഇത് പൂർത്തിയാക്കി തുറന്നുകൊടുത്തു. വിക്ടോറിയ കോളേജിന് മുൻവശത്തെ അപകടവളവിൽ 2014 നവംബറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സിടിച്ച് വിനീതയെന്ന വിദ്യാർഥി മരിച്ചിരുന്നു. അന്നുമുതൽ ഈ റോഡിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന്നുള്ള നടപടികൾ വേണമെന്ന ആവശ്യവും ശക്തമായിരുന്നു.
ഇതേത്തുടർന്നാണ് തിരക്കുള്ള സ്ഥലങ്ങളിലെല്ലാം മേൽപ്പാലങ്ങൾ നിർമിക്കാൻ തീരുമാനിച്ചത്. നഗരസഭയുടെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി ചെലവിലാണ് നിർമാണം.
പി.എം.ജി. സ്‌കൂൾ, ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് മേൽപ്പാലം വരുന്നത്.
പി.എം.ജി. സ്‌കൂളിനുള്ളിലെ പഴയ ബുക്ക് ഡിപ്പോ കെട്ടിടത്തിനു സമീപത്തുനിന്ന് തുടങ്ങി സി.പി.എം. ഓഫീസിന് സമീപത്തെ മിൽമ ബൂത്തിന് പിന്നിലായി അവസാനിക്കും വിധമാണ് ഇവിടുത്തെ കാൽനടമേല്പാലം നിർമ്മിക്കുന്നത