മേല്‍പാലം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടെന്ന് വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍
പാലക്കാട്: വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ച നടപ്പാലം. വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാനാവുന്നില്ലെന്ന് പരാതി. വിവിധ അസൗകര്യങ്ങളാണ് വിദ്യാര്‍ത്ഥികളും ജീവനക്കാരും പറയുന്നത്. കോളേജിനകത്തുനിന്നാരംഭിക്കുന്ന പാലം ഉറപ്പിച്ചിരിക്കുന്ന തറക്ക് ഉയരം കൂടുതല്‍ മൂലം പാലത്തിലേക്ക് കയറാന്‍ ഏറെ ബുദ്ധിമുട്ടാണത്രെ. രണ്ട് ചെറിയ സ്റ്റപ്പ് കെട്ടിയാല്‍ ഈ പ്രശ്നം പരിഹരിക്കാമെന്ന് അവര്‍ പറയുന്നു. ഉയരം കുറവുള്ളവരാണത്രെ ഏറെ ബുദ്ധിമുട്ടുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. കോവണിപടികള്‍ കൂടുതല്‍ കയറിയിറങ്ങി പരിച.യമില്ലാത്തവര് ഇതിലൂടെ കയറിയിറങ്ങുമ്പോള്‍ കാല്‍മുട്ടും ഇടുപ്പും വേദനിക്കുകയാണെന്നും റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനംവരുന്നത് ശ്രദ്ധിച്ചാല്‍ പോരെയെന്നും ചില വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. ചുരുക്കത്തില്‍ ഈ പാലത്തിനുവേണ്ടി ചിലവിട്ട ലക്ഷങ്ങള്‍ ഉപയോഗ ശൂന്യമായിയെന്നും നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. പി എം ജി സ്കൂള്‍ , മോയന്സ്സ്കൂള്. മിഷ്യന് സ്കൂള്‍ എന്നിവിടങ്ങളിലും ഇത്തരത്തില്‍ മേല്പാലങ്ങള് നിര്‍മ്മിക്കുന്നുണ്ട്. അവയും വിദ്യാര്‍ത്ഥികള്‍ ഇത്തരം കാരണങ്ങള്‍ പറഞ്ഞ് ഉപയോഗിക്കാതിരുന്നാല്‍ ആ പാലങ്ങള്‍ക്കും ചിലവാക്കിയ തുക നഷ്ടം തന്നെയാകുമെന്നും നാട്ടുകാര്‍
ചൂണ്ടിക്കാട്ടി.
വിക്ടോറിയ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനി റോഡ് മുറിച്ചു കടക്കുമ്പോള്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇങ്ങനെയൊരു മേല്‍പാലം നിര്‍മ്മിക്കാന്‍ നടപടിയെടുത്തത്.