തൃത്താല: വെള്ളിയാങ്കല്ല് തടയണയുടെ അറ്റകുറ്റപ്പണി നവംബറിൽ ആരംഭിക്കും. കഴിഞ്ഞ രണ്ട് പ്രളയത്തിലുമായി തകർച്ചസംഭവിച്ച ഏപ്രണുകളും സ്റ്റീൽഷീറ്റ് പൈലുകളുമെല്ലാം പുതുക്കിപ്പണിയും.
റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 17 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക. ആദ്യഘട്ടത്തിൽ 140 മീറ്റർ നീളത്തിലാണ് ഏപ്രണുകൾ പുനർനിർമിക്കുന്നത്. എട്ടുമീറ്റർ വീതി വർധിപ്പിക്കയും ചെയ്യും. വി.ടി. ബൽറാം എം.എൽ.എ., ജലവിഭവ വകുപ്പ് അധികൃതർ തുടങ്ങിയവർ സ്ഥലത്ത് സന്ദർശനം നടത്തി.
അതേസമയം, വെള്ളിയാങ്കല്ല് തടയണയുടെ പ്രളയത്തിൽത്തകർന്ന സംരക്ഷണഭിത്തിയുടെ പുനർനിർമാണം വൈകുകയാണ്. നിർമാണ പ്രവൃത്തികൾ വൈകുമ്പോൾ സംരക്ഷണഭിത്തിയുടെ തകരാതെ നിൽക്കുന്ന കൂടുതൽ ഭാഗങ്ങൾ പുഴയിലേക്ക് അടർന്നുവീഴാനുള്ള സാധ്യതയും വർധിക്കയാണ്. സംരക്ഷണ ഭിത്തിയുടെ അടർന്നുവീഴാത്ത ഭാഗങ്ങളിൽ കമ്പികൾ ദ്രവിച്ച് പുറത്തുകാണുന്നുണ്ട്. ഭിത്തിയിൽ ആഴത്തിലുള്ള വിള്ളലുകളും വലിയ ദ്വാരങ്ങളും രൂപപ്പെട്ടിട്ടുമുണ്ട്. ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിൽ പുഴയിലേക്ക് ചരിഞ്ഞുനിൽക്കുന്ന ഭിത്തിയുടെ താഴെ മീൻപിടിത്തവും തകൃതിയായി നടക്കുന്നുണ്ട്. ഏഴ് മീറ്ററിലധികം ഉയരമുള്ള അടിത്തറ പൂർണമായും ദ്രവിച്ച ഈ ഭിത്തിക്ക് മുകളിലിരുന്ന് മീൻപിടിക്കുന്നവരും ധാരാളമുണ്ട്.