പാലക്കാട്.ജില്ലാ പ്രസിഡന്റായി പട്ടാമ്പിയിലെ കെ എം ഹരിദാസിനെ നിയമിച്ചതോടെ ബിജെപിയിൽ കലാപക്കൊടി ഉയർന്നു. അറിയപ്പെടാത്തയാളെ പ്രസിഡന്റാക്കിയത് ചിലർക്ക് സംഘടന പിടിച്ചെടുക്കാനാണെന്ന് ആരോപണം. പാലക്കാട് നഗരസഭാ ഭരണത്തിൽ സംസ്ഥാന നേതാവും ഭാര്യയും അനധികൃതമായി ഇടപെടുന്നത് വിലക്കിയതോടെയാണ് ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിനെ മാറ്റാൻ സമ്മർദമേറിയത്. സ്ഥാനം നഷ്ടപ്പെട്ട കൃഷ്ണദാസ് സുരേന്ദ്രൻ പക്ഷത്താണെങ്കിലും സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിന് അനഭിമതനാണ്. പുതിയ ജില്ലാ പ്രസിഡന്റിനെതിരെയും വിമർശനം കടുപ്പിക്കാനാണ് കൃഷ്ണദാസ് പക്ഷം ഒരുങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ സ്ഥാനാർഥിയായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞതവണത്തേക്കാൾ 5000 വോട്ട് കുറഞ്ഞു.
സംസ്ഥാന നേതാവിനും ഭാര്യക്കും പാർടിയിൽ നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനാണ് ദുർബലനായ ആളെ പ്രസിഡന്റാക്കിയതെന്നാണ് പി കെ കൃഷ്ണദാസ്പക്ഷ നേതാക്കളുടെ ആരോപണം. ജില്ലാ പ്രസിഡന്റിനെ മാറ്റാൻ ഡൽഹി കേന്ദ്രീകരിച്ച് നടന്ന ചരടുവലിയിൽ വനിതാ നേതാവ് ഇടപെട്ടതായും പറയുന്നു. നഗരസഭയ്ക്കെതിരെ യുഡിഎഫിനെ സമരത്തിനിറക്കുന്നത് ബിജെപി സംസ്ഥാന നേതാവാണെന്നും ഇതിനുപിന്നിൽ സാമ്പത്തിക ഇടപാട് നടക്കുന്നതായും ആരോപണമുണ്ട്. നഗരസഭയിൽ കുഴപ്പമുണ്ടാക്കാൻ കോൺഗ്രസിനെ ഉപയോഗിക്കുന്നതിൽ ജില്ലാ കമ്മിറ്റി യോഗത്തിലും വിമർശനമുയർന്നു. പണം കിട്ടിയാൽ കോൺഗ്രസുകാർ എന്തും ചെയ്യുമെന്നാണ് ഇതിന് നേതൃത്വം നൽകിയ നേതാവിന്റെ മറുപടി.
പാലക്കാട് നഗരസഭയിൽ പി കെ കൃഷ്ണദാസ് പക്ഷവും മറുവിഭാഗവും കടുത്ത ശത്രുതയിലാണ്. ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ പരിപാടിയും ഗ്രൂപ്പ് അടിസ്ഥാനത്തിലായിരുന്നു. കെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടി ഒരു വിഭാഗം നേതാക്കൾ ബഹിഷ്കരിച്ചിരുന്നു. പാലക്കാട് നഗരസഭ ഭരണവും സ്തംഭിച്ച നിലയിലാണ്. സിപിഐ. കോൺഗ്രസ്. തുടങ്ങിയ സംഘടനകളും നഗരസഭയ്ക്ക് മുമ്പിൽ പ്രതിഷേധം നടത്തി. എസ്ഡിപിഐയും ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്