പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്നും പ്രമുഖ നേതാക്കൾ വിട്ടുനിന്നിരുന്നു. എം ടി രമേശ്, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന് എന്നിവര്‍ നേതൃയോഗത്തില്‍നിന്നും വിട്ടുനിന്നത് പ്രതിഷേധ സൂചകമായിട്ടാണെന്ന് വാർത്തകളുണ്ടായിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അടിയന്തരമായി മാറ്റേണ്ട സാഹചര്യമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. ഉപതിരഞ്ഞെടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന അധ്യക്ഷനെ മാറ്റേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ വിവാദങ്ങൾ വേണ്ടെന്നും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ സംഘടനാ ഘടകങ്ങളിൽ ഉന്നയിക്കണമെന്നും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. വിഷയത്തിൽ പരസ്യപ്രസ്താവന നടത്തിയാൽ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.