ആലത്തൂർ: ബൈക്കിൽ കഞ്ചാവുമായെത്തിയ രണ്ടുപേരെ ആലത്തൂരിൽ പൊലീസ് പിടികൂടി. പാടൂർ തോണിക്കടവിൽ രാത്രി 10ഓടെ പരിശോധനക്കിടെയെത്തിയ ബൈക്കിൽ ഒരുകിലോ 400 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
തൃശൂർ നടത്തറ മൈനർ റോഡ് കവലക്കാട് കെവിൻ (28), തൃശൂർ മാള വടമ കിഴക്കേ പനഞ്ചികുന്നത്ത് അരുൺ ബാബു (28) എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് 1.5 ലക്ഷം രൂപ വില വരുമെന്നും ആലത്തൂർ ഭാഗത്തുള്ള ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ അറിവായതായും പൊലീസ് പറഞ്ഞു.
ജില്ല അടിസ്ഥാനത്തിൽ രൂപവത്കരിച്ച ഡാൻസാഫ് സ്ക്വാഡ് ആലത്തൂർ പൊലീസുമായി ചേർന്ന് നടത്തിവരുന്ന പ്രത്യേക ഓപറേഷെൻറ ഭാഗമായാണ് പരിശോധന നടത്തുന്നത്. ലോക്ഡൗണിെൻറ മറവിൽ ലഹരി കടത്തിനും വിൽപനക്കുമെതിരെ കർശന പരിശോധനയാണ് നടന്നുവരുന്നതെന്ന് പൊലീസ് പറഞ്ഞു.










