പാലക്കാട്:
സമയബന്ധിതമായി ഫീസടയ്ക്കാൻ സാധിക്കാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത പാലക്കാട് എംഇഎസ് കോളേജ് വിദ്യാർഥിനി ബീനയുടെ വീട് എസ്സി –- എസ്ടി കമീഷൻ അംഗം എസ് അജയകുമാർ സന്ദർശിച്ചു. ബീനയുടെ അച്ഛനോടും അമ്മയോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. കോളേജിൽനിന്ന് ഫീസടയ്ക്കാനുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മാതാപിതാക്കൾ കമീഷനോട് പറഞ്ഞു.
പൊലീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ, കോളേജ്, സർവകലാശാല എന്നിവിടങ്ങളിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എസ് അജയകുമാർ അറിയിച്ചു.
ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ എസ് ശ്രീജ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ജയകൃഷ്ണൻ, അകത്തേത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ മോഹനൻ, പികെഎസ് ജില്ലാ കമ്മിറ്റി അംഗം ശിവരാമൻ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി അബൂബക്കർ, പഞ്ചായത്തംഗം കെ കെ നസീമ, മലമ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഉദ്യോഗസ്ഥർ, ഹേമാംബിക നഗർ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായി.