കോവിഡ് പ്രതിരോധം
മൂന്നാംതരംഗം നേരിടാൻ ശക്തമായ ഇടപെടൽ വേണം: എ കെ ബാലൻ
പാലക്കാട്
കോവിഡ് മൂന്നാം തരംഗം നേരിടാൻ ശക്തമായ ഇടപെടൽ ആവശ്യമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ പ്രസ്താവനയിൽ പറഞ്ഞു. മൂന്നാംതരംഗം കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാകും. മരണനിരക്കും ഉയരാം. അതിനാൽ വീട്ടിനുള്ളിൽതന്നെ എല്ലാ നിയന്ത്രണങ്ങളോടും ജീവിക്കാൻ പഠിക്കണം.
നെഗറ്റീവ് ആണെങ്കിലും ലക്ഷണം കണ്ടാൽ പരിശോധിക്കണം. ഏഴു പേരിൽ കൂടുതലുള്ള കുടുംബങ്ങളിൽ ആർക്കെങ്കിലും കോവിഡ് പോസിറ്റീവായാൽ അവരെ ഗൃഹവാസ പരിചരണകേന്ദ്രത്തിലേക്ക് മാറ്റണം. ആവശ്യത്തിന് വാക്സിനില്ല എന്നതാണ് ജില്ല നേരിടുന്ന വലിയ പ്രതിസന്ധി. കിട്ടിയാൽ മാത്രമേ എല്ലാം തരണം ചെയ്യാനാവു. ഏഴു ലക്ഷം വാക്സിനാണ് കിട്ടിയത്. 49 ലക്ഷം വാക്സിനാണ് ഇനി ആവശ്യമുള്ളത്. വാക്സിനുവേണ്ടി കേന്ദ്രത്തെ ആശ്രയിക്കുകയാണ്.
കോവിഡിന്റെ ഒന്നാംതരംഗം ഫലപ്രദമായി നേരിട്ട് പാലക്കാട് ജില്ല മാതൃകയായി. എന്നാൽ രണ്ടാം തരംഗം നേരിടുന്നതിൽ പിറകോട്ട് പോയി. ഒന്നാം തരംഗത്തിൽ 8000 ആക്ടീവ് കേസുകളാണ് ഉണ്ടായതെങ്കിൽ രണ്ടാം തരംഗത്തിൽ 28,000 വരെ ഉയർന്നു. പരിശോധനാ നിരക്ക് 30 ശതമാനംവരെ എത്തി. രണ്ടാം തരംഗത്തിൽ നടത്തിയ ഇടപെടലിന്റെ ഭാഗമായി പോസിറ്റീവ് നിരക്ക് 18 ശതമാനത്തിലെത്തിയെങ്കിലും സംസ്ഥാന ശരാശരിയേക്കാൾ മൂന്ന് ശതമാനം കൂടുതലാണ്. ഇപ്പോൾ ആക്ടീവ് കേസുകൾ 16,000 ആയി കുറഞ്ഞു. ഫലപ്രദ ഇടപെടൽ നടത്തിയാൽ അതിന്റെ ഗുണം ലഭിക്കും. ഓക്സിജൻ, വെന്റിലേറ്റർ എന്നിവയുടെ കുറവില്ല. എന്നാൽ ഐസിയു പരിമിതമാണ്. മൂന്നാം തരംഗവും പ്രതീക്ഷിച്ചുള്ള ഇടപെടൽ ഇപ്പോൾ തന്നെ നടത്തണം.










