ചിത്രകലയുടെ കുലപതി ആർട്ടിസ്റ്റ്
നമ്പൂതിരി വീടവാങ്ങി
വീരാവുണ്ണി മുളളത്ത്
പട്ടാമ്പി: ഇന്ത്യൻ ചിത്രകലയുടെ കുലപതി ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 98വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹം വെള്ളിയാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 1925ൽ എടപ്പാൾ നടുവട്ടം കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടേയും ശ്രീദേവി അന്തർജ്ജനത്തിന്റേയും മകനായി ജനിച്ചു. കെ.സി.എസ്. പണിക്കർ ഡി.പി. റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരിലൂടെ മദ്രാസ് ഫൈൻ ആർട്സ് കോളജിൽ നിന്നു ചിത്രകല അഭ്യസിച്ച നമ്പൂതിരി 1960ലാണു രേഖാചിത്രകാരനായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചേർന്നതു. പിന്നീട് കലാകൗമുദി, സമകാലീക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ആയിരക്കണക്കിനു രേഖാചിത്രങ്ങൾ വരച്ചു. നമ്പൂതിരിച്ചിത്രങ്ങൾ എന്ന ശൈലി തന്നെ പ്രശസ്തമായി. പ്രശസ്ത നിരൂപകനായിരുന്ന എം.കൃഷ്ണൻ നായർ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം.ടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദി, വി.കെ.എൻ. കഥകൾക്കു വരച്ച രേഖാചിത്രങ്ങൾ എന്നിവ പ്രസിദ്ധമാണ്.അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടറായിരുന്നു. കാഞ്ചനസീതയിലെ കഥാപാത്രങ്ങളുടെ വസ്ത്ര രൂപകൽപ്പന ശ്രദ്ധേയമായിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് നടുവട്ടത്തെ വീട്ടുവളപ്പിൽ.
സഹധർമ്മിണി മൃണാളിനി. മക്കൾ പരമേശ്വരൻ, വാസുദേവൻ