അഗളി:പാലൂർ തേക്കുവട്ടയിൽ കാട്ടാന ഓട്ടോറിക്ഷ തകർത്തു.തേക്കുപന ഊരിലെ പണലി,പാപ്പ,കവിത എന്നിവർ പട്ടിമാളത്തുനിന്ന് ഓട്ടോറിക്ഷയിൽ ഊരിലേക്ക് വരുമ്പോഴാണ് കാട്ടനയുടെ മുമ്പിൽപ്പെട്ടത്.കാട്ടാന റോഡിലിറങ്ങിയവിവരം പ്രദേശവാസിയായ മദനെ സുഹൃത്തുക്കൾ വിളിച്ചറിയിച്ചിരുന്നു. ഓട്ടോറിക്ഷയിലെ യാത്രക്കാരെ കാട്ടാനവരുന്ന വിവരം അറിയിക്കാനായി റോഡിലിറങ്ങിയ മദൻ യാത്രക്കാരെയെല്ലാം പുറത്തിറക്കി അടുത്തുള്ള വൈദ്യുതവേലിയുള്ള കൃഷിസ്ഥലത്തേക്ക് മാറ്റി. റോഡിലൂടെയെത്തിയ കാട്ടാന ഓട്ടോറിക്ഷ തകർത്തതിനുശേഷം തോട്ടിൽ വെള്ളംകുടിക്കനായി പോയി.
പിന്നീട് ഇതുവഴിവന്ന നാല് വാഹനങ്ങളും കാട്ടാന തകർക്കാൻ ശ്രമിച്ചു.പിന്നീട് കാട്ടാനയെ തുരത്താനെത്തിയ വനംവകുപ്പിന്റെ എലിഫന്റ് സ്ക്വാഡിനെ പ്രദേശവാസികൾ തടഞ്ഞുവെച്ചു. അട്ടപ്പാടി റേഞ്ച് ഓഫീസർ എൻ. സുബൈർ സ്ഥലത്തെത്തി ജനപ്രതിനിധികളും ഊരുനിവാസികളുമായി ചർച്ചനടത്തി.
ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലെ വനംവകുപ്പ് ജീവനക്കാരെയും പ്രദേശവാസികളെയും ചേർത്ത് പത്തംഗ സംഘത്തെ ആനകളെ നിരീക്ഷിക്കാൻ ഏർപ്പെടുത്താൻ തീരുമാനിച്ചു.ഇവർ ജനവാസമേഖലയിലെത്തുന്ന കാട്ടാനകളെ കാടുകയറ്റും.ഈ തീരുമാനത്തിനുശേഷമാണ് പ്രദേശവാസികൾ എലിഫന്റ് സ്ക്വാഡിലുള്ളവരെ പോകാൻ അനുവദിച്ചത്.










