അഗ്രഹാരം – കോട്ടായി റോഡിലെ
ഓട വൃത്തിയാക്കണം: നടപടി റിപ്പോർട്ട്
ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: മാത്തൂർ അഗ്രഹാരം – കോട്ടായി റോഡിലെ ഓട വ്യത്തിയാക്കണമെന്ന ആവശ്യത്തിൽ സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനുള്ളിൽ അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥിൻെറതാണ് ഉത്തരവ്.
കമ്മീഷൻ കോട്ടായി ഗ്രാമപഞ്ചായത്ത്, ‘ പൊതുമരാമത്ത് വകുപ്പ് എന്നിവരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. ഓട വ്യക്തിയാക്കേണ്ടത് പൊതുമരാമത്ത് വകുപാണെന്ന് പഞ്ചായത്ത് അറിയിച്ചു. എന്നാൽ പ്രീ മൺസൂൺ പ്രവൃത്തികൾക്ക് മണ്ഡലാടിസ്ഥാനത്തിൽ തുച്ഛമായ തുക മാത്രമാണ് ലഭിക്കാറുള്ളതെന്നും ഇത് മരങ്ങൾ മുറിച്ചു മാറ്റാൻ മാത്രമാണ് തികയുന്നതെന്നും പൊതുമരാമത്ത് കമ്മീഷനെ അറിയിച്ചു. എല്ലാ കാനകളും വൃത്തിയാക്കുന്നത് പ്രായോഗികമല്ല. എന്നാൽ അടുത്ത വർഷത്തെ പ്രീ മൺസൂൺ പ്രവൃത്തിയിൽ ഉൾപ്പെടുത്തി അഗ്രഹാരം – കോട്ടായി റോഡിലെ ഓട വൃത്തിയാക്കാമെന്ന് ഉറപ്പു നൽകി. ഈ സാഹചര്യത്തിലാണ് കമ്മീഷൻ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടത്. മാത്തൂർ അഗ്രഹാരം സ്വദേശി അനന്തകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി.