പാലക്കാട് :മുതലമട ഇടുക്കുപ്പാറ ഊർക്കുളം കാട്ടിലെ റിസോർട്ടിൽ ആദിവാസി തൊഴിലാളിയെ തടങ്കലിലാക്കിയ കേസിലെ ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി. മൂച്ചങ്കുണ്ട് ചമ്പക്കുഴിയിൽ വെള്ളയ്യനെ (54) തടങ്കലിലാക്കിയ കേസിലെ ഒന്നാം പ്രതി ഇടുക്കുപ്പാറ ഊർക്കുളം കാട്ടിലെ റിസോർട്ട് ഉടമ പ്രഭുവാണ് (40) വെള്ളിയാഴ്ച മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതിയിൽ ഹാജരായത്.
റിസോർട്ടിലെ തൊഴിലാളിയായ വെള്ളയ്യൻ അനുവാദമില്ലാതെ മദ്യം എടുത്ത് കഴിച്ചെന്നാരോപിച്ച് മതിയായ ഭക്ഷണമോ വെള്ളമോ നൽകാതെ അഞ്ചു ദിവസം തടങ്കലിൽ പാർപ്പിച്ചതായാണ് കേസ്. വെള്ളയ്യനെ ഓഗസ്റ്റ് 22-ന് അർധരാത്രി പോലീസും നാട്ടുകാരും ചേർന്നാണ് മോചിപ്പിച്ചത്. ഈ കേസിൽ രണ്ടാം പ്രതിയും ഒന്നാം പ്രതി പ്രഭുവിൻ്റെ അമ്മയുമായ രംഗനായകി (പാപ്പാത്തി) യെ ഓഗസ്റ്റ് 28-ന് മണ്ണാർക്കാട് ആദിവാസി പ്രത്യേക കോടതി റിമാൻഡ് ചെയ്തിരുന്നു.
മൊബൈൽ ഫോൺ നമ്പർ ഉപയോഗിക്കാതെ ചില ആപ്പുകൾ ഉപയോഗിച്ചാണ് ഐടി വിദഗ്‌ധനായ ഒന്നാം പ്രതി പ്രഭു ആശയവിനിമയം നടത്തിയിരുന്നത്. ഇത് പ്രതിക്കായുള്ള പോലീസ് അന്വേഷണത്തെ ബാധിച്ചിരുന്നു. വിവിധ പോലീസ് സംഘങ്ങൾ കർണാടകയിലും തമിഴ്‌നാട്ടിലും വ്യാപക അന്വേഷണം നടത്തിയും പ്രതിയെ പിടികൂടാനായിരുന്നില്ല. പാലക്കാട്ടെ അഭിഭാഷകൻ വഴി മുൻകൂർ ജാമ്യത്തിന് പ്രഭു ശ്രമിച്ചത് പോലീസ് അറിഞ്ഞിരുന്നു. മുൻകൂർ ജാമ്യം ലഭിക്കാതെ വന്നതോടെയാണ് സംഭവം നടന്ന് രണ്ടര മാസത്തിനുശേഷം പ്രതി കീഴടങ്ങിയത്. പ്രതിയെ പിടികൂടാൻ വൈകിയത് ഒത്തുകളിയാണെന്ന് ആരോപിച്ച് വിവിധ സാമുദായിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധം നടത്തിയിരുന്നു. തങ്ങളുടെ അന്വേഷണത്തെത്തുടർന്നുള്ള സമ്മർദഫലമായാണ് പ്രതി കീഴടങ്ങിയത് എന്ന അവകാശവാദമാണ് പോലീസ് ഉന്നയിക്കുന്നത്.









