കോയമ്പത്തൂരിലേക്ക് കൂടുതല്‍ ബോണ്ട് സർവീസ് പരിഗണനയിൽ
പാലക്കാട്
അൺലോക്കിന്റെ അഞ്ചാംഘട്ടത്തിൽ തമിഴ്നാട്ടിലേക്ക് കൂടുതൽ ബസ് സർവീസ് തുടങ്ങാൻ കെഎസ്ആർടിസി ചർച്ച തുടങ്ങി. അന്തർസംസ്ഥാന യാത്രകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ സർവീസ്. പാലക്കാട്, കോയമ്പത്തൂർ കലക്ടർമാരുടെ നേതൃത്വത്തിലാണ് ചർച്ച. നിലവിൽ തമിഴ്നാട്ടിലേക്ക് രണ്ട് സർവീസാണ് കെഎസ്ആർടിസി നടത്തുന്നത്.
അന്തർസംസ്ഥാന യാത്രകൾ പൂർവ സ്ഥിതിയിലാക്കാൻ കേരള, തമിഴ്നാട് സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചിട്ടില്ല. ഇപ്പോഴും തമിഴ്നാട്ടിൽനിന്ന് എത്തുന്നവർ കേരളത്തിൽ നിരീക്ഷണത്തിൽ കഴിയണം. ഇതാണ് സർവീസ് വർധിപ്പിക്കാനുള്ള അനുമതി നൽകാൻ തമിഴ്നാടിന് തടസ്സം.
വിവിധ ജോലികൾക്കായി ദിവസവും നിരവധി പേർ തമിഴ്നാട്ടിലേക്ക് പോകുന്നുണ്ട്. ഇത് ഉപയോഗപ്പെടുത്തണമെന്നാണ് കെഎസ്ആർടിസി നിലപാട്. സ്വകാര്യ വാഹനങ്ങളിലാണ് ആളുകൾ ഇപ്പോൾ അതിർത്തി കടക്കുന്നത്. വാളയാർവരെ ബസിൽ പോയി, അവിടെനിന്ന് നടന്നുപോകുന്നവരുണ്ട്.
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് മാത്രമാണ് നിലവിൽ ബോണ്ട് സർവീസ് പ്രയോജനപ്പെടുന്നത്. മറ്റുള്ളവർക്കും സർവീസ് പ്രയോജനപ്പെടുന്ന രീതിയിൽ വിപുലമാക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്. ടിക്കറ്റ് നിരക്ക് കൂട്ടിയാണ് ബോണ്ട് സർവീസ് നടത്തുന്നത്.