ജില്ലാ ആശുപത്രിയിൽ ജെറിയാട്രിക് വാർഡും മാലിന്യ സംസ്കരണ സംവിധാനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു
ജില്ലാ ആശുപത്രിയിൽ പുതുതായി ആരംഭിച്ച ജെറിയാട്രിക് വാർഡ്, മാലിന്യ സംസ്കരണ സംവിധാനം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.ശാന്തകുമാരി നിർവഹിച്ചു. പ്രായമായവർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്നാം നിലയിൽ ആരംഭിച്ച ജെറിയാട്രിക് വാർഡിൽ 75 പേർക്ക് കിടത്തി ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ലിഫ്റ്റ് സംവിധാനവും ഉണ്ട്. ജില്ലാ ആശുപത്രിയിലെ പ്രായമായവർക്കുള്ള മറ്റു വാർഡിൽ റാമ്പ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും ഒരു കോടി ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച മാലിന്യ സംസ്കരണ സംവിധാനത്തിന്റെ ഭാഗമായി ബയോഗ്യാസ് പ്ലാൻറ്, ജലസംഭരണി, മലിനജലവും മഴവെള്ളവും ഒഴുക്കി കളയുന്നതിനുള്ള സംവിധാനം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 82 ലക്ഷം രൂപ ചെലവഴിച്ചാണ് മാലിന്യസംസ്കരണ സംവിധാനം ഒരുക്കിയിട്ടുള്ളത്. പരിപാടിയിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനുമോൾ അധ്യക്ഷയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രമാദേവി, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ വെറ്ററിനറി ആശുപത്രിയിലെ നവീകരണ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്തു
ജില്ലാ വെറ്ററിനറി ആശുപത്രിയിൽ നടപ്പിലാക്കിയ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ. ശാന്തകുമാരി നിർവഹിച്ചു. ജില്ലാപഞ്ചായത്ത് ഫണ്ടിൽനിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് ഒ.പി എക്സ്റ്റൻഷൻ സെന്റർ, റിസപ്ഷൻ ഹാൾ, വൈദ്യുതീകരണം, മറ്റ് കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ എന്നിവയാണ് നടപ്പിലാക്കിയത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത ടീച്ചർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സി.ജെ സോജി, ചീഫ് വെറ്റിനറി ഓഫീസർ ഡോ. സീന ജോസ് പല്ലൻ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി.എം സുകുമാരൻ, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്