സവർണ സംവരണം: ഇടതു സർക്കാർ നീക്കത്തിനെതിരെ താക്കീതായി വെൽഫെയർ പാർട്ടി പ്രതിഷേധങ്ങൾ
പാലക്കാട്: ദലിത്, മുസ് ലിം, ഈഴവ, ഒ.ബി.സി തുടങ്ങിയ സംവരണ സമുദായങ്ങളെ വഞ്ചിച്ച് സവർണ സംവരണം നടപ്പിലാക്കുന്ന ഇടതു സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ലയിൽ 100 കേന്ദ്രങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഭരണഘടന മുന്നോട്ടു വെക്കുന്ന സാമുദായിക സംവരണത്തെ അട്ടിമറിക്കുകയെന്ന സംഘ്പരിവാർ അജണ്ട അവരേക്കാൾ തിടുക്കത്തിൽ നടപ്പിൽ വരുത്താൻ ഇടതു സർക്കാർ മുൻകൈയെടുക്കുകയാണെന്ന് പ്രതിഷേധ സംഗമങ്ങൾ ചൂണ്ടിക്കാട്ടി. സംവരണ വിരുദ്ധമായ ഭരണകൂട നീക്കങ്ങളെ പൊതു സമൂഹം ചെറുത്ത് തോൽപ്പിക്കണമെന്ന് സംഗമങ്ങൾ ആഹ്വാനം ചെയ്തു. ഒരു വിധ സംവരണത്തിനും അർഹതയില്ലാത്ത പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ നിയമനങ്ങളിൽ 10 % സംവരണം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപഹാസ്യമാണ്. ദാരിദ്ര്യ നിർമാജനമല്ല സാമൂഹ്യനീതി നടപ്പിൽ വരുത്തലാണ് സംവരണത്തിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി മനസിലാക്കണം. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെക്കുറിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് പിന്നോക്ക ജനവിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കാവസ്ഥയെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും പ്രതിഷേധ സംഗമങ്ങൾ ചോദ്യമുയർത്തി.
വിവിധ ഭാഗങ്ങളിലായി ജില്ല ഭാരവാഹികളായ പി.മോഹൻദാസ്, കെ.സി നാസർ,എം.സുലൈമാൻ, എ.ഉസ്മാൻ, പി.ലുഖ്മാൻ, ആസിയ റസാഖ്, മൊയ്ദീൻ കുട്ടി വല്ലപ്പുഴ, ജില്ല കമ്മിറ്റിയംഗങ്ങൾ, മണ്ഡലം – പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ സംഗമങ്ങൾ ഉദ്ഘാടനം ചെയ്തു.
ഫോട്ടോ: ബി.ജെ.പി അജണ്ടയായ സവർണ സംവരണം നടപ്പിൽ വരുത്താനുള്ള ഇടതുപക്ഷ സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ലയിൽ നടത്തിയ പ്രതിഷേധങ്ങളിൽ നിന്ന്.